ആധുനിക കാലഘട്ടത്തിലെ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് എല്ലാ രംഗത്തും മുന്നേറ്റം നടത്തും; നെല്ല് സംഭരണം സുഗമമാക്കുന്നതിന് സഹകരണ മേഖല സജീവമായി ഇടപെടുമെന്ന് മന്ത്രി വി.എന്‍. വാസവന്‍

Update: 2026-01-05 08:44 GMT

ആലപ്പുഴ: കുട്ടനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ നെല്ല് സംഭരണം സുഗമമാക്കുന്നതിന് സഹകരണ മേഖല സജീവമായി ഇടപെടല്‍ നടത്തുമെന്നും ഇത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകുമെന്നും തുറമുഖ-സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. എഴുപത്തിരണ്ടാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ആലപ്പുഴ റമദയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ട് സഹകരണ സംഘങ്ങള്‍ 'നെല്ല് സംഭരണ സംസ്‌കരണ വിപണന സംഘങ്ങള്‍' എന്ന രീതിയില്‍ സംഘടിപ്പിക്കും. ഇവയില്‍ ഒരെണ്ണം കോട്ടയത്തും രണ്ടാമത്തേത് പാലക്കാടും പ്രവര്‍ത്തനം ആരംഭിക്കും. കോട്ടയത്തെ ഈ സംരംഭം മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

ആധുനിക കാലഘട്ടത്തിലെ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് എല്ലാ രംഗത്തും മുന്നേറ്റം നടത്താന്‍ സഹകരണ മേഖലയ്ക്ക് സാധിച്ചു. ഉല്പാദന, സേവന, പശ്ചാത്തല വികസന മേഖലകളില്‍ ഒരുപോലെ ഇടപെട്ടുകൊണ്ട് അന്തര്‍ദേശീയ തലത്തില്‍ വരെ ശ്രദ്ധയാകര്‍ഷിക്കാന്‍ കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് സാധിച്ചു. സഹകരണ പ്രസ്ഥാനങ്ങള്‍ ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും നിറസാന്നിധ്യമായി മാറിയിരിക്കുന്നു. ഉല്പാദന രംഗത്ത് ഇന്ന് സഹകരണ സംഘങ്ങള്‍ 400-ല്‍ പരം ഉല്പന്നങ്ങളാണ് നിര്‍മ്മിക്കുന്നത്. കൂടാതെ കാര്‍ഷിക വിഭവങ്ങള്‍ അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും സാധിച്ചു. സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പ്രവാസികളുടെ തരിശായിക്കിടക്കുന്ന ഭൂമി നിശ്ചിത കാലത്തേക്ക് കൃഷി ചെയ്യുന്ന പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

മുന്‍ എം.എല്‍.എയും കേരള സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാനുമായ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു, കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി. മോഹനന്‍ മാസ്റ്റര്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ എം.എസ്. ഷെറിന്‍, സംസ്ഥാന സഹകരണ യൂണിയന്‍ ഭരണസമിതിയംഗങ്ങളായ എ.ഡി. കുഞ്ഞച്ചന്‍, ടി.കെ. ദേവകുമാര്‍, കെ. രാജഗോപാല്‍, കെ.എം. രാധാകൃഷ്ണന്‍, വി.എം. ശശി, എസ്. സാബു, ഇ.എന്‍. രവീന്ദ്രന്‍, എന്‍.കെ. രാമചന്ദ്രന്‍, വി.വി. ബേബി, പി.ജി. ഗോപകുമാര്‍, സി.വി. ശശീന്ദ്രന്‍, കെ.എം. ഉഷ, അഡീഷണല്‍ രജിസ്ട്രാര്‍ എം.പി. രജിത്കുമാര്‍, ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആര്‍. നാസര്‍, ആലപ്പുഴ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) വി.കെ. സുബിന, വിവിധ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാരായ എ.എസ്. സാബു, വി.എന്‍. വിജയകുമാര്‍, എം.ടി. ചന്ദ്രന്‍, എസ്. നസീം, കെ. മധുസൂദനന്‍, എം. ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന 'നവകേരള നിര്‍മിതിയില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക്' എന്ന വിഷയത്തിലുള്ള സെമിനാറില്‍ ഐ.സി.എം. ഡയറക്ടര്‍ ഡോ. സക്കീര്‍ ഹുസൈന്‍ വിഷയാവതരണം നടത്തി.

Similar News