രജനിയുടെ മരണം കൊലപാതകം; മരണം കമ്പിവടികൊണ്ട് തലയില്‍ ശക്തമായ അടിയേറ്റ്: ഒളിവില്‍ പോയ ഭര്‍ത്താവിനായി തിരച്ചില്‍ ശക്തമാക്കി പോലിസ്

രജനിയുടെ മരണം കൊലപാതകം; ഒളിവില്‍ പോയ ഭര്‍ത്താവിനായി തിരച്ചില്‍

Update: 2026-01-08 00:11 GMT

ഉപ്പുതറ: യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. മത്തായിപ്പാറ എംസി കവലയ്ക്കു സമീപം മലേക്കാവില്‍ രജനി (38) യെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. കമ്പിവടികൊണ്ടു തലയില്‍ ശക്തമായ അടിയേറ്റാണു മരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കൊലപാതക ശേഷം ഒളിവില്‍ പോയ രജനിയുടെ ഭര്‍ത്താവിനായി പോലിസ് തിരച്ചില്‍ ശക്തമാക്കി.

ഓട്ടോറിക്ഷ ഡ്രൈവറായ ഭര്‍ത്താവ് സുബിനാണ് (രതീഷ്) രജനിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. സുബിനും രജനിയും തമ്മില്‍ കലഹം പതിവായിരുന്നുവെന്നു പൊലീസ് പറയുന്നു. സംഭവദിവസം രാവിലെ കുട്ടികള്‍ സ്‌കൂളില്‍ പോയ ശേഷമുണ്ടായ തര്‍ക്കത്തിനിടെ സുബിന്‍ കൊലപാതകം നടത്തി കടന്നതാകാമെന്നാണു പൊലീസിന്റെ നിഗമനം.

തലയില്‍ ആഴത്തില്‍ മുറിവേറ്റു കട്ടിലിലേക്കു വീണ് രക്തംവാര്‍ന്നു മരിച്ചനിലയിലാണു ചൊവ്വാഴ്ച വൈകിട്ടു നാലോടെ രജനിയെ കണ്ടെത്തിയത്. ഇടയ്ക്കു രജനി പിണങ്ങി സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഒരുമാസം മുന്‍പാണു തിരികെയെത്തിയത്. കൊല്ലപ്പെട്ട രജനിയുടെ സംസ്‌കാരം നടത്തി. പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സന്‍, ഉപ്പുതറ എസ്എച്ച്ഒ എ.ഫൈസല്‍, എസ്ഐ പി.എന്‍.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Tags:    

Similar News