ക്രിക്കറ്റ് പൂരത്തിനൊരുങ്ങി സിനിമ മേഖല; സിസിഎഫ് സീസണ്‍ രണ്ട് ലോഞ്ച് ചെയ്തു

ക്രിക്കറ്റ് പൂരത്തിനൊരുങ്ങി സിനിമ മേഖല

Update: 2026-01-10 16:32 GMT

കൊച്ചി: സിനിമ, ടെലിവിഷന്‍, മാധ്യമ, പരസ്യ മേഖലയിലെ കൂട്ടായ്മയായ സെലിബ്രിട്ടി ക്രിക്കറ്റേഴ്സ് ഫ്രെട്ടേണിറ്റി (സി.സി.എഫ്)യുടെ ക്രിക്കറ്റ് പൂരമായ സി.സി.എഫ് പ്രീമിയല്‍ ലീഗ് രണ്ടാം പതിപ്പിന് തിരശീല ഉയര്‍ന്നു. എറണാകുളം താജ് ഗേറ്റ് വേയില്‍ താരനിബിഡമായ ചടങ്ങില്‍ സിസിഎഫ് ഭാരവാഹികളും സെലിബ്രിറ്റി ഉടമകളും ബ്രാന്‍ഡ് അംബാസിഡര്‍മാരും ചേര്‍ന്ന് രണ്ടാം പതിപ്പ് ലോഞ്ച് ചെയ്തു. സി.സി.എഫ് അവതരിപ്പിക്കുന്ന പുതിയ ക്രിക്കറ്റ് ഫോര്‍മാറ്റിന്റെ അവതരണവും ചടങ്ങില്‍ നടന്നു.

മത്സരം കൂടുതല്‍ ആവേശവും ത്രസിപ്പിക്കുന്നതുമാക്കുന്നതാണ് പുതിയ ഫോര്‍മാറ്റ് എന്ന് സിസിഎഫ് പ്രസിഡന്റ് അനില്‍ തോമസ്, സെക്രട്ടറി ശ്യാംധര്‍, ട്രഷറര്‍ സുധീപ് കാരാട്ട് എന്നിവര്‍ പറഞ്ഞു. ഒരു ഓവറില്‍ അഞ്ച് ബോള്‍ അടങ്ങുന്ന 20 ഓവര്‍ വീതമാണ് ഇന്നിംഗ്സ്. ബാറ്റ് ചെയ്യുന്ന ടീമിനും ബൗള്‍ ചെയ്യുന്ന ടീമിനും പോയിന്റും റണ്‍സും ലഭിക്കും. കെ.സി.എല്‍ ടീമായ കേരളാ സ്ട്രൈക്കേഴ്സിന്റെ സിഇഒ ബന്ദു ദിജേന്ദ്രനാഥ് പുതിയ ഫോര്‍മാറ്റ് ലോഞ്ച് ചെയ്തു.

പുതുതായി കൂട്ടിച്ചേര്‍ത്ത രണ്ട് ടീമുകള്‍ ഉള്‍പ്പടെ 14 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ടീമുകളുടെ അവതരണവും ചടങ്ങില്‍ നടന്നു. താരലേലത്തില്‍ ഈഗിള്‍ എമ്പയേഴ്സിന്റെ അരുണ്‍ മാഞ്ഞാലി, ഗോറില്ല ഗ്ലൈഡേഴ്സിന്റെ നോയല്‍ ബെന്‍ തുടങ്ങിയവരെ വന്‍ വിലകൊടുത്താണ് ടീമുകള്‍ സ്വന്തമാക്കിയത്.

ഉണ്ണി മുകുന്ദന്‍ (സീഹോഴ്സ് സെയ്ലേഴ്സ്), ജോണി ആന്റണി (കങ്കാരു നോക്കേഴ്സ്), സുരാജ് വെഞ്ഞാറമ്മൂട് (വിപര്‍ വിക്ടേഴ്സ്), കലാഭവന്‍ ഷാജോണ്‍ (ഡോലെ ഡൈനാമോസ്), ധ്യാന്‍ ശ്രീനിവാസന്‍ (ലയണ്‍ ലെജന്‍ഡ്സ്), അഖില്‍ മാരാര്‍ (ഫീനിക്സ് പാന്തേഴ്സ്), ആന്റണി പെപ്പെ (റിനോ റേഞ്ചേഴ്സ്), മധു ബാലകൃഷ്ണന്‍ (ടര്‍ഗേറിയന്‍ ടേണ്‍സ്), വിഷ്ണു ഉണ്ണികൃഷ്ണന്‍ (ചീറ്റ ചേഴ്സേസ്), സിജു വില്‍സണ്‍ (ഈഗിള്‍ എംപയേഴ്സ്), നരേന്‍ (ഫോക്സ് ഫൈറ്റേഴ്സ്), സണ്ണി വെയ്ന്‍ (ഗോറില്ല ഗ്ലൈഡേഴ്സ്), ലൂക്ക്മാന്‍ അവറാന്‍ (ഹിപ്പോ ഹിറ്റേഴ്സ്), ചന്തു സലീംകുമാര്‍ (സീബ്ര സീല്‍സ്) എന്നിവരാണ് ടീമുകളുടെ സെലിബ്രിറ്റി ഉടമകള്‍.

മഹിമ നമ്പ്യാര്‍, അന്ന രാജന്‍, മാളവിക മേനോന്‍, ആന്‍സിബ ഹസന്‍, അനഘ നാരായണന്‍, മേഘാ തോമസ്, ശോഭ വിശ്വനാഥ്, സെറീന അന്ന ജോണ്‍സണ്‍, ഡയാന ഹമീദ്, അനുമോള്‍, റിതു മന്ത്ര, ആല്‍ഫി പഞ്ഞിക്കാരന്‍, അതിഥി രവി, സിജാ റോസ് തുടങ്ങിയവര്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ്. ഫെബ്രുവരി നാല് മുതല്‍ 15 വരെ കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ടിലാണ് സിസിഎഫ് പ്രീമിയല്‍ ലീഗ് മത്സരം.

Tags:    

Similar News