പെണ്‍സുഹൃത്ത് അകലുന്നുവെന്ന തോന്നല്‍; യുവതി ജോലി ചെയ്യുന്ന പ്രസിന് മുന്നിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി

പ്രസിലെത്തിയ യുവാവ് പെട്രോളൊഴിച്ച് കത്തിച്ച് ജീവനൊടുക്കി

Update: 2026-01-13 02:38 GMT

കാട്ടാക്കട: പെണ്‍സുഹൃത്ത് അകലുന്നുവെന്ന തോന്നലില്‍ യുവതി ജോലി ചെയ്യുന്ന പ്രസിനു മുന്നിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് ജീവനൊടുക്കി. ഇന്നലെ രാവിലെ ഒമ്പതരയോടെ കാട്ടാക്കട നഗരത്തിലെ ഡിജിറ്റല്‍ പ്രസിനു മുന്നിലാണ് സംഭവം. നെടുമങ്ങാട് കരിപ്പൂര്‍ തൊണ്ടിക്കര വാറുവിള വീട്ടില്‍ എസ്.വിനു(40) ആണ് സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചത്.

യുവാവ് തീ കൊളുത്തുന്നത് കണ്ട് തടയാന്‍ ശ്രമിക്കവെ പ്രസ് ജീവനക്കാരിക്കും പൊള്ളലേറ്റു. മുഖത്തും കൈക്കും പൊള്ളലേറ്റ പ്രസ് ജീവനക്കാരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അപകടനില തരണം ചെയ്തു. താനുമായി അടുപ്പത്തിലായിരുന്ന യുവതി അകലുന്നുവെന്ന തോന്നലില്‍ വിനു ആത്മഹത്യാഭീഷണി മുഴക്കിയതു സംബന്ധിച്ച് ഒന്നര മാസം മുന്‍പ് യുവതി കാട്ടാക്കട സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിനു എത്തിയില്ല. നാലു വര്‍ഷം മുന്‍പ് വിവാഹമോചിതനായ ആളാണ് വിനു. ഇന്നലെ ജീവനൊടുക്കും മുന്‍പ് സമൂഹമാധ്യമത്തില്‍ സംഭവം സംബന്ധിച്ച് പോസ്റ്റ് ഇട്ടിരുന്നു.

മാസങ്ങള്‍ മുന്‍പ് കോടതി ജീവനക്കാരന്‍ തന്നെ തീയിട്ട പോക്‌സോ കോടതി പ്രവര്‍ത്തിക്കുന്ന വാണിജ്യ സമുച്ചയത്തില്‍ തന്നെയാണ് സംഭവം നടന്ന പ്രസും . അതു കൊണ്ടു തന്നെ കോടതിയില്‍ തീയിട്ടെന്നും ജീവനക്കാരിക്ക് പൊള്ളലേറ്റെന്നുമാണ് ആദ്യം പ്രചരിച്ചത്. പെട്രോളുമായെത്തിയ വിനു ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ പ്രസിലെ ജീവനക്കാരന്‍, കോടതിയിലെ പൊലീസിനെ വിവരമറിയിക്കാന്‍ ഓടി. ഇവര്‍ തിരികെയെത്തുമ്പോഴേക്കും യുവാവ് തീ കൊളുത്തിയിരുന്നു.

തടയാന്‍ ശ്രമിച്ച ജീവനക്കാരിയുടെ ദേഹത്തു പെട്രോള്‍ വീണു കത്തി. തീ ആളിക്കത്തിയതോടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഓടിയെത്തിയവരാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അഗ്‌നിരക്ഷാ സേനയും പൊലീസും ചേര്‍ന്നു തീയണച്ചെങ്കിലും പ്രസ് പൂര്‍ണമായി കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.

Tags:    

Similar News