കലോത്സവ വേദിക്ക് മുന്നില്‍ അധ്യാപകരുടെ സമരം; ബലം പ്രയോഗിച്ച് അറസ്റ്റ്; പ്രതിഷേധം

Update: 2026-01-14 12:46 GMT

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ നഗരിക്ക് മുന്നില്‍ സമരം നടത്തിവന്ന അധ്യാപകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. സ്ത്രീകളടക്കമുള്ള അധ്യാപകരെ യാതൊരു പരിഗണനയുമില്ലാതെ പൊലീസ് വാഹനത്തിലേക്ക് വലിച്ചിഴച്ച് നീക്കിയത് കലോത്സവ നഗരിയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി.

ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ നിയമന അംഗീകാരം വൈകിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ 25,000-ത്തോളം അധ്യാപകര്‍ കഴിഞ്ഞ നാലു വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കൗമാര കലാമാമാങ്കം നടക്കുമ്പോള്‍ തങ്ങളെ പഠിപ്പിക്കുന്ന അധ്യാപകര്‍ നീതിക്കായി തെരുവിലിറങ്ങേണ്ടി വന്നത് സാംസ്‌കാരിക കേരളത്തിന് നാണക്കേടാണെന്ന് വിവിധ അധ്യാപക സംഘടനകള്‍ കുറ്റപ്പെടുത്തി.

ഭിന്നശേഷി നിയമനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ അധ്യാപകരെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നാണ് സമരക്കാരുടെ പ്രധാന ആക്ഷേപം. ഇതേ വിഷയത്തില്‍ എന്‍.എസ്.എസ് (N.S.S) മാനേജ്മെന്റുകള്‍ക്ക് ലഭിച്ച നിയമപരമായ ആനുകൂല്യങ്ങളും ഇളവുകളും തങ്ങള്‍ക്കും അനുവദിക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.

നാല് വര്‍ഷമായി ജോലി ചെയ്തിട്ടും ഒരു രൂപ പോലും പ്രതിഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് പല അധ്യാപക കുടുംബങ്ങളും പട്ടിണിയിലാണെന്നും പലരും ആത്മഹത്യയുടെ വക്കിലാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ച അധ്യാപകര്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ സമരം സംസ്ഥാന വ്യാപകമായി ശക്തമാക്കാനാണ് അധ്യാപക കൂട്ടായ്മയുടെ തീരുമാനം.

Similar News