കുട്ടിയുടെ കഴുത്തില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണമാല 35കാരി വിഴുങ്ങി; എക്‌സറേ പരിശോധനയില്‍ ആഭരണം വയറ്റിലുണ്ടെന്ന് കണ്ടെത്തല്‍: തൊണ്ടിമുതല്‍ പുറത്ത് വരുന്നതും കാത്ത് യുവതിക്ക് പോലിസ് കാവല്‍
കുട്ടിയുടെ കഴുത്തില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണമാല 35കാരി വിഴുങ്ങി
നിലമ്പൂര്‍: ഡോക്ടറെ കാണാനെത്തിയ കുട്ടിയുടെ കഴുത്തില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണമാല യുവതി വിഴുങ്ങി. ആളുകള്‍ പിടികൂടുമെന്നായതോടെയാണ് യുവതി മാല വിഴുങ്ങിയത്. കള്ളത്തരം കയ്യോടെ പിടികൂടിയതോടെ മാല പുറത്തുവരുന്നത് കാത്ത് ആശുപത്രിയില്‍ വനിതാ പൊലീസ് യുവതിക്ക് കാവല്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് 24 മണിക്കൂര്‍ പിന്നിട്ടു. മുപ്പത്തഞ്ചുകാരിയാണ് കുട്ടിയുടെ കഴുത്തില്‍ കിടന്ന 3.5 ഗ്രാം തൂക്കം വരുന്ന മാല മോഷ്ടിച്ചത്.
നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡില്‍ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കില്‍ ഇക്കഴിഞ്ഞ ഒമ്പതാം തിയതിയാണ് സംഭവം. ഡോക്ടറെ കാണാനെത്തിയ കുട്ടിയുടെ കഴുത്തിലെ മാല രാത്രി പത്ത് മണിയോടെയാണ് കാണാതായത്. വരാന്തയില്‍ ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുക്കട്ട സ്വദേശിനിയായ യുവതി ഓമനിക്കുന്നത് പലരും കണ്ടിരുന്നു. ഇതോടെ ഡോക്ടറെ കാണാനെത്തിയവര്‍ യുവതിയെ ചോദ്യം ചെയ്തു.
കയ്യോടെ പിടികൂടുമെന്ന ഘട്ടത്തില്‍ യുവതി മാല വിഴുങ്ങി. നാട്ടുകാര്‍ തടഞ്ഞുവച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു. കുറ്റം നിഷേധിച്ചതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി എക്‌സ്‌റേ പരിശോധന നടത്തി. ആഭരണം വയറ്റിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം എനിമ നല്‍കി. ആഭരണം മാത്രം പുറത്തുവന്നില്ല.
യുവതി ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇടയ്ക്കിടെ അക്രമാസക്തയാകുന്നുണ്ട്. കുട്ടിയുടെ വീട്ടുകാരും ആശുപത്രിയിലുണ്ട്. ഇന്ന് കേസെടുത്ത് തുടര്‍നടപടിയിലേക്ക് പൊലീസ് നീങ്ങും. യുവതിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്.