കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ചു; മല്ലപ്പള്ളി സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം

Update: 2026-01-14 13:50 GMT

വൈക്കം: കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് വെള്ളിയാമ്മാവ് പാറോലിക്കല്‍ പി.എ. വര്‍ഗീസിന്റെ മകള്‍ സ്മിത സാറാ വര്‍ഗീസ് (44) ആണ് മരിച്ചത്. ബുധനാഴ്ച രണ്ട് മണിയോടെ വെച്ചൂര്‍-തണ്ണീര്‍മുക്കം റോഡില്‍ അംബിക മാര്‍ക്കറ്റ് ജങ്ഷന് സമീപമായിരുന്നു അപകടം.

സ്മിത ബൈക്കില്‍ തണ്ണീര്‍മുക്കം ബണ്ട് ഭാഗത്തുനിന്നു വെച്ചൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു. വഴി ചോദിക്കാനായി ബണ്ട് റോഡ് ജങ്ഷനില്‍ ബൈക്ക് നിര്‍ത്തി. തൊട്ടുപിന്നാലെ എത്തിയ ബസ്, സ്റ്റോപ്പില്‍ നിന്നിരുന്ന ആളെ കയറ്റിയ ശേഷം മുന്നോട്ട് എടുത്തു. ഈ സമയം റോഡിലേക്ക് കയറിയ സ്മിതയുടെ ബൈക്കില്‍ ബസിന്റെ മുന്‍വശം ഇടിക്കുകയായിരുന്നു.

പരിക്കേറ്റ സ്മിതയെ നാട്ടുകാര്‍ ഉടന്‍ ഇടയാഴത്തെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

അമ്മ: പൊടിയമ്മ ശാമുവല്‍. ഭര്‍ത്താവ്: ദയാസ് മാത്യു. പിറവം മൊട്ടപ്പറമ്പില്‍ കുടുംബാംഗം. മകള്‍: ജൂലി സാറാ ദയാസ് മാത്യു. സഹോദരന്‍: സുമിത് ഏബ്രഹാം (യുഎസ്എ).

Similar News