ദൈവനാമത്തിന് പകരം പല ദൈവങ്ങളുടെ പേരുകള്‍ എങ്ങനെ പറയാനാകും; തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്

Update: 2026-01-15 10:17 GMT

കൊച്ചി: ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്. ദൈവനാമത്തില്‍ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. ദൈവനാമത്തില്‍ എന്നതിന് പകരം പലദൈവങ്ങളുടെയും രക്ഷസാക്ഷികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത നടപടിയെ വിമര്‍ശിച്ച കോടതി സത്യപ്രതിജ്ഞ അന്തിമ വിധിക്ക് വിധേയമാണെന്ന് വ്യക്തമാക്കി. അന്തിമ വിധിവരെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതും ഓണറേറിയം വാങ്ങുന്നതും വിലക്കണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ജി.എസ് ആശാനാഥ്, ചെമ്പഴത്തി ഉദയന്‍ ആര്‍ സുഗതന്‍ അക്കമുള്ള കൗണ്‍സിലര്‍മാര്‍ക്ക് എതിരെയാണ് ഹര്‍ജി.

കൗണ്‍സിലര്‍മാരുടെ നടപടി മുന്‍സിപ്പല്‍ ചടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സത്യപ്രതിജ്ഞ റദ്ദാക്കണമെന്നുമുള്ള സിപിഎം നേതാവും കൗണ്‍സിലറുമായ എസ് പി ദീപക്കിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. സത്യപ്രതിജ്ഞ റദ്ദാക്കണം എന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന്‍ കോടതി അറിയിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിയമസഭകക്ഷി നേതാവാണ് ഹര്‍ജിക്കാരനായ എസ് പി ദീപക്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കടകംപള്ളി വാര്‍ഡില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി ജയ രാജീവ് അയ്യപ്പന്റെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ശരണം വിളിച്ചാണ് ഇവര്‍ സത്യപ്രതിജ്ഞ അവസാനിപ്പിച്ചിരുന്നത്. തിരുവനന്തപുരം കോര്‍പറേഷനിലെ കരമന വാര്‍ഡില്‍ നിന്ന് വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി കരമന അജിത് സംസ്‌കൃതത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം പറഞ്ഞാണ് മുന്‍ ഡിജിപിയും ശാസ്തമംഗലത്തില്‍ നിന്നുള്ള കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ വേദി വിട്ടത്. ഇതും ഏറെ ശ്രദ്ധനേടിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ആര്‍എസ്എസ് ഗണഗീതവും പാടിയിരുന്നു.

Tags:    

Similar News