നിയമസഭാ തെരഞ്ഞടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം: എംപിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് എഐസിസിയെന്ന് സണ്ണി ജോസഫ്

Update: 2026-01-28 14:10 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പില്‍ നിലവിലെ എംപിമാര്‍ മത്സരിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് എഐസിസിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. എംപിമാര്‍ മത്സരിക്കേണ്ടെന്ന് കെപിസിസി തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചിട്ടില്ല. ഓരോ ജില്ലയിലെയും നേതാക്കളോട് സ്ഥാനാര്‍ത്ഥികളുടെ പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ചില എംപിമാര്‍ ആശിക്കുന്നു. എന്നാല്‍, എംപിമാരെ മത്സരിപ്പിക്കുന്നതിനെതിരെ പൊതു വികാരം തെരഞ്ഞെടുപ്പ് സമിതിയിലുണ്ടായി. എന്നാല്‍, മത്സരിപ്പിക്കേണ്ടെന്ന് സമിതി തീരുമാനിച്ചിട്ടില്ലെന്നാണ് കെപിസിസി പ്രസിഡന്റിന്റെ വിശദീകരണം.

ലോക്‌സഭയിലെ അംഗ സംഖ്യയും ഉപതെരഞ്ഞെടുപ്പിലെ വിജയ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിത്വം ആശിക്കുന്ന എംപിമാര്‍ക്ക് ഹൈക്കമാന്‍ഡ് ഇളവ് നല്‍കുമോയെന്നാണ് അറിയേണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചവരെ ഉടനടി നിയമസഭയിലേക്ക് പരിഗണിക്കേണ്ടെന്ന നിര്‍ദേശവും തെരഞ്ഞടുപ്പ് സമിതിയില്‍ ഉയര്‍ന്നു.

ഓരോ ജില്ലയിലെയും നേതാക്കളെയും വെവ്വേറെ കാണുകയാണ് പാര്‍ട്ടി നേതൃത്വം. സ്ഥാനാര്‍ത്ഥികളുടെ പേര് നിര്‍ദേശിക്കാനാണ് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടുന്ന ഒരു കാര്യം. ഈ നിര്‍ദേശങ്ങളില്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ജില്ലകളിലെ സംഘടനാ പ്രശ്‌നങ്ങള്‍ ഉടനടി തീര്‍ക്കാന്‍ നിര്‍ദേശിച്ചു. പ്രവര്‍ത്തനം മോശമായ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാനും നിര്‍ദേശിച്ചു. എസ്‌ഐആര്‍, പുതിയ വോട്ടര്‍മാരെ ചേര്‍ക്കുകയെന്നതില്‍ ശ്രദ്ധ വേണമെന്നും നിര്‍ദേശിച്ചു.

Similar News