കൈക്കൂലി കേസ്: മുന്‍ വില്ലേജ് ഓഫീസര്‍ക്കും സഹായിക്കും അഞ്ചുവര്‍ഷം തടവ്
തലശ്ശേരി: നികുതി സ്വീകരിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ മുന്‍ വില്ലേജ് ഓഫീസര്‍ക്കും വില്ലേജ് അസിസ്റ്റന്റിനും അഞ്ചുവര്‍ഷം കഠിനതടവും പിഴയും. കണ്ണൂര്‍-II വില്ലേജ് ഓഫീസറായിരുന്ന കെ.വി. ഷാജു, വില്ലേജ് അസിസ്റ്റന്റ് സി.വി. പ്രദീപ് എന്നിവരെയാണ് തലശ്ശേരി വിജിലന്‍സ് കോടതി ശിക്ഷിച്ചത്. അഞ്ചുവര്‍ഷം തടവിന് പുറമെ 90,000 രൂപ പിഴയും ജഡ്ജി കെ. രാമകൃഷ്ണന്‍ വിധിച്ചു.
പള്ളിക്കുന്ന് സ്വദേശിയായ പരാതിക്കാരന്റെ കുടുംബസ്വത്തിന് നികുതി അടയ്ക്കുന്നതിനായി അന്നത്തെ വില്ലേജ് ഓഫീസറായ ഷാജു 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ ആദ്യഗഡുവായി 9,000 രൂപ നേരത്തെ കൈപ്പറ്റി. ബാക്കിയുള്ള 1,000 രൂപ കൂടി ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.
വിജിലന്‍സ് നല്‍കിയ രാസപരിശോധന നടത്തിയ നോട്ടുകള്‍ പരാതിക്കാരനില്‍ നിന്ന് വാങ്ങുന്നതിനിടെ കണ്ണൂര്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ഷാജുവിനെ കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് വില്ലേജ് അസിസ്റ്റന്റായിരുന്ന സി.വി. പ്രദീപിനും അഴിമതിയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയത്.
നിലവില്‍ കണ്ണൂര്‍ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാറാണ് കെ.വി. ഷാജു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ഉഷാകുമാരി, ജിതിന്‍ പി. എന്നിവര്‍ ഹാജരായി. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.