ഗാന്ധിജിയുടെ ഓര്‍മ്മകളെപ്പോലും സംഘപരിവാര്‍ ഭയപ്പെടുന്നു; രക്തസാക്ഷിത്വം വര്‍ഗീയവിരുദ്ധ പോരാട്ടത്തിനുള്ള ആഹ്വാനമെന്ന് മുഖ്യമന്ത്രി

Update: 2026-01-30 05:18 GMT

തിരുവനന്തപുരം: ഇന്ത്യയുടെ ഹൃദയത്തിലേക്ക് സംഘപരിവാറിന്റെ വര്‍ഗീയ പ്രത്യയശാസ്ത്രം നിറയൊഴിച്ചിട്ട് 78 വര്‍ഷങ്ങള്‍ തികയുകയാണെന്നും ഗാന്ധിജിയുടെ ഓര്‍മ്മകളെപ്പോലും സംഘപരിവാര്‍ ഭയപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജിയെ വധിച്ചത് ഗോഡ്സെ എന്ന വ്യക്തിയല്ല, മറിച്ച് സംഘപരിവാര്‍ ഉയര്‍ത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ ആള്‍രൂപമാണെന്നും അദ്ദേഹം പറഞ്ഞു.

വൈവിധ്യങ്ങളെയും മതേതരത്വത്തെയും ശത്രുവായി കാണുന്ന വിഷലിപ്തമായ വര്‍ഗീയ അജണ്ടയാണ് ആ കൊലയാളിയിലൂടെ വെളിപ്പെട്ടത്. ആ വിപത്ത് ഇന്നും രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന അപരവല്‍ക്കരണ രാഷ്ട്രീയത്തിന് നേര്‍വിപരീതമാണ് ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍. 'ഒരു രാഷ്ട്രം, ഒരു സംസ്‌കാരം' എന്ന ഏകശിലാത്മക അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ ബഹുസ്വരതയുടെ ഇന്ത്യക്ക് വേണ്ടിയാണ് ഗാന്ധിജി നിലകൊണ്ടത്. മതനിരപേക്ഷതയോടുള്ള അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ ഭയപ്പെട്ടതുകൊണ്ടാണ് അന്നവര്‍ അദ്ദേഹത്തെ വധിച്ചതെന്നും ആ ഭയം ഇന്നും അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നു.

ഗാന്ധിജിയുടെ പേര് സാധാരണക്കാരുടെ ജീവിതത്തില്‍ നിന്ന് അടര്‍ത്തി മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്തത് ഇതിന്റെ ഭാഗമാണ്. പദ്ധതിയെ നിര്‍വീര്യമാക്കാനും വിഹിതം വെട്ടിക്കുറയ്ക്കാനുമുള്ള കേന്ദ്ര നീക്കങ്ങള്‍ക്കെതിരെ കേരളം ഉയര്‍ത്തുന്ന ബദല്‍ രാഷ്ട്രീയം ഗാന്ധിജിയുടെ വികേന്ദ്രീകൃത വികസന കാഴ്ചപ്പാടുകളുടെ തുടര്‍ച്ചയാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ചരിത്രത്തെ തിരുത്തി എഴുതാനും വര്‍ഗീയ കൊലയാളികളെ വീരനായകന്മാരായി അവരോധിക്കാനും ശ്രമിക്കുന്ന ശക്തികള്‍ രാജ്യത്തെ ഏകാധിപത്യത്തിലേക്കാണ് നയിക്കുന്നത്. മതന്യൂനപക്ഷങ്ങളെയും ദളിത് വിഭാഗങ്ങളെയും വേട്ടയാടുന്ന വര്‍ഗീയ ഫാസിസത്തിന് മുന്നില്‍ ഇന്ത്യയുടെ മതേതര പൈതൃകം അടിയറവ് വെക്കില്ലെന്ന് നാം പ്രഖ്യാപിക്കണം. ഗാന്ധിജിയുടെ രക്തസാക്ഷിത്വം വര്‍ഗീയ വിരുദ്ധ പോരാട്ടത്തിനുള്ള നിരന്തരമായ ആഹ്വാനമാണെന്നും ആ പോരാട്ടമേറ്റെടുത്ത് ജനാധിപത്യ മതേതര ഇന്ത്യക്കായി മുന്നേറണമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

Similar News