കേരളത്തെ 'ലോക കേരള'മായി മാറ്റണം; ലോക കേരളസഭ അനുകരണീയ മാതൃകയെന്ന് കേന്ദ്രം: മുഖ്യമന്ത്രി

Update: 2026-01-30 07:31 GMT

തിരുവനന്തപുരം: കേരളത്തിന്റെ സംസ്‌കാരത്തെയും സമൂഹത്തെയും പുനഃസൃഷ്ടിക്കുന്നതില്‍ പ്രവാസികള്‍ക്ക് വലിയ പങ്കുണ്ടെന്നും കേരളത്തെ 'ലോക കേരള'മായി പുനര്‍വിഭാവനം ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചാമത് ലോക കേരളസഭയുടെ സഭാ നടപടികള്‍ നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവകേരള സൃഷ്ടിക്കായി അകം കേരളവും പുറം കേരളവും കൈകോര്‍ക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ ഒത്തൊരുമ വളര്‍ത്തുന്നതിനുള്ള ജനാധിപത്യ വേദിയായി ലോക കേരളസഭ മാറിയിരിക്കുകയാണ്. പ്രവാസികള്‍ക്ക് ഭാവി കേരളത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും പങ്കുവെക്കാനുള്ള ഉചിതമായ ഇടമാണിതെന്നും ഇതിന് വലിയ പൊതു അംഗീകാരം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക കേരളസഭയുടെ ആദ്യ സമ്മേളനം നടന്നപ്പോള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പുകളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. പ്രതിനിധികളെപ്പോലും മോശമായി ചിത്രീകരിക്കുന്ന നിലയുണ്ടായി. എന്നാല്‍ ഇപ്പോള്‍ ഈ എതിര്‍പ്പുകളില്‍ വലിയ അയവ് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുകരിക്കാവുന്ന മാതൃകയാണിതെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയത് ഇതിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. നടപ്പാക്കാന്‍ സാധ്യമായ 28 നിര്‍ദ്ദേശങ്ങള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുത്തിരുന്നു. ഇതില്‍ പത്തെണ്ണം ഇതിനോടകം നടപ്പാക്കി കഴിഞ്ഞു. 13 എണ്ണത്തിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. വിദേശകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട അഞ്ച് കാര്യങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Similar News