ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത് മുതല്‍ യെച്ചൂരി വരെ ബഹുമാനിച്ച നേതാവാണ് സോണിയ; സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

Update: 2026-01-30 08:48 GMT

തിരുവനന്തപുരം: സോണിയാഗാന്ധിക്കെതിരെ കേരളത്തിലെ സിപിഎം നേതാക്കള്‍ നടത്തുന്ന ദുഷ്പ്രചാരണം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത് മുതല്‍ സീതാറാം യെച്ചൂരിവരയെുള്ള സിപിഎമ്മിന്റെ ദേശീയ നേതാക്കള്‍ വളരെ ബഹൂമാനത്തോടെയും ആദരവോടെയും കണ്ട നേതാവാണ് സോണിയാഗാന്ധി. 2004 ലെ ഒന്നാം യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുമ്പോല്‍ സോണിയാഗാന്ധിക്ക് പിന്തുണയുമായി ആദ്യം മുന്നോട്ട് വന്നത് അന്നത്തെ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജ്ജിത്തായിരുന്നു. പിന്നീട് സീതാറാം യെച്ചൂരി സോണിയാഗാന്ധിയുമായും രാഹുല്‍ഗാന്ധിയുമായും വളരെ അടുപ്പും പുലര്‍ത്തുകയും ചെയ്തു.

ബിജെപിയെയും സംഘപരിവാറിനെയും നാണിപ്പിക്കുന്ന വിധത്തിലാണ് സോണിയാഗാന്ധിക്കെതിരെ കേരളത്തിലെ സിപിഎം ദുഷ്പ്രചാരണം നടത്തുന്നത്. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എംഎ ബേബി തന്നെ ഇക്കാര്യത്തില്‍ തനിക്കുള്ള അതൃപ്തി കേരളത്തിലെ സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. പക്ഷെ ബേബിയെപ്പോലും അവഗണിച്ചുകൊണ്ടാണ് വി ശിവന്‍കുട്ടിയടക്കമുള്ള കേരളത്തിലെ സിപിഎം നേതാക്കള്‍ സോണിയാഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ വികൃതമായ സിപിഎമ്മിന്റെ മുഖം രക്ഷിക്കാന്‍ സോണിയാഗാന്ധിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. രക്തസാക്ഷി ഫണ്ടു പോലും കൊള്ളയടിക്കുന്ന സിപിഎം നേതാക്കളുടെ തനി നിറം പുറത്തായപ്പോള്‍ അതില്‍ നിന്നൊക്കെ തലയൂരാനുള്ള മാര്‍ഗമായി ഇത്തരം ദുഷ്പ്രചാരണങ്ങളെ സിപിഎം ഉപയോഗിക്കുകയാണ്.

സോണിയാഗാന്ധി കോണ്‍ഗ്രസിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ നേതാവാണ്. രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വമാണ്. അവരെ ചെളിവാരിയെറിഞ്ഞു രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സിപിഎം നേതൃത്വം ശ്രമിച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി കയ്യും കെട്ടി നോക്കിയിരിക്കില്ല. നെഹ്‌റു കുടുംബം കോണ്‍ഗ്രസിന്റെ രക്തത്തിന്റെ ഭാഗമാണ്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രാജീവ് ഗാന്ധിയുടെ സഹധര്‍മ്മിണിക്കെതിരെ രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളുമായി സിപിഎം ഇറങ്ങിയാല്‍ ജനങ്ങള്‍ അതിന് ചുട്ടമറുപടി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Similar News