തൃശൂരില്‍ വയോധികസഹോദരിമാരായ മൂന്നുപേര്‍ കൂട്ടആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം
തൃശ്ശൂര്‍: കൂട്ടആത്മഹത്യക്ക് ശ്രമിച്ച വയോധികരായ മൂന്നു സഹോദരിമാരില്‍ ഒരാള്‍ മരിച്ചു. മുള്ളൂര്‍ക്കര മണ്ഡലംകുന്നില്‍ സരോജിനി (75) യാണ് മരിച്ചത്. ഇവര്‍ക്കൊപ്പം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സഹോദരിമാരായ ജാനകി (80), ദേവി (83) എന്നിവരുടെ നില ഗുരുതരമാണ്. രണ്ടു പേരും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് അവശനിലയിലായ സഹോദരിമാരെ അയല്‍വാസികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചെറുതുരുത്തി പൊലീസിനെയും, പഞ്ചായത്ത് മെമ്പറേയും വിവരം അറിയിച്ചു. മെമ്പര്‍ സ്ഥലത്തെത്തിയതിന് പിന്നാലെയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇവര്‍ വര്‍ഷങ്ങളായി ഒറ്റക്കാണ് താമസിച്ചിരുന്നത്.
ആരോഗ്യ വകുപ്പില്‍ ജീവനക്കാരിയായിരുന്ന സരോജിനിയുടെ വരുമാനത്തിലായിരുന്നു ഇവരുടെ ജീവിതം. ജാനകി ആദ്യകാലത്ത് കൂലിപ്പണിക്ക് പോയിരുന്നു. ദേവി രോഗിയാണ്. വീടും ഭൂമിയും എല്ലാം സ്വന്തമായുണ്ട്. നാലു വര്‍ഷം മുന്‍പ് സ്വത്ത് മുഴുവന്‍ 'ഗുരുവായുരപ്പന്' എഴുതി വെച്ചിരുന്നു. തുടര്‍ന്നു ഗുരുവായൂര്‍ ദേവസ്വത്തിന്റെ വൃദ്ധ സംരക്ഷണ കേന്ദ്രത്തിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഏതാനും മാസം മുന്‍പ് അവിടെനിന്നു വീട്ടിലേക്ക് മടങ്ങി. ഇതിനുപിന്നാലെ മൂന്ന് പേരും കടുത്ത മാനസിക പ്രയാസത്തിലായിരുന്നു എന്ന് അയല്‍വാസികള്‍ പറഞ്ഞു. കുറിപ്പെഴുതി വച്ചാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് എന്നാണ് ലഭ്യമാകുന്ന വിവരം.
വെള്ളിയാഴ്ച്ച മൂന്നുപേരെയും പുറത്ത് കാണാതെയായതോടെ അന്വേഷിച്ച സമീപവാസികളാണ് വീടിനുള്ളില്‍ അവശനിലയില്‍ മൂന്നുപേരെയും കണ്ടെത്തിയത്. മൂന്നുപേരെയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സാരാജിനി മരിച്ചിരുന്നു.