ബല്‍ത്തങ്ങാടിയിലെ കൃഷിപ്പാടത്ത് വിദേശ നിര്‍മിത ഇലക്ട്രോണിക് ഉപകരണവും ബലൂണ്‍ അവശിഷ്ടങ്ങളും; പരിഭ്രാന്തിയില്‍ പ്രദേശവാസികള്‍; പൊലീസ് പരിശോധന

Update: 2026-01-30 12:51 GMT

കാസര്‍കോട്: ബല്‍ത്തങ്ങടി പുത്തിലയില്‍ കൃഷിപ്പാടത്ത് വിദേശ നിര്‍മിത ഇലക്ട്രോണിക് ഉപകരണവും ബലൂണ്‍ അവശിഷ്ടങ്ങളും കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. പതിവ് പോലെ പാടത്ത് എത്തിയ കര്‍ഷകരാണ് വിദേശ നിര്‍മിത ഇലക്ട്രോണിക് ഉപകരണവും ബലൂണ്‍ അവശിഷ്ടങ്ങളും കണ്ടെത്തിയത്. ഉടനെ തന്നെ അവര്‍ പൊലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി പരിശോധന നടത്തിയിട്ടും സംഭവമെന്താണെന്ന് മനസ്സിലാക്കാനായില്ല. അതിനിടയില്‍ ഉപകരണത്തിന്റെ ഫോട്ടോ ഗൂഗിളില്‍ പരിശോധിച്ചപ്പോളാണ് കാലാവസ്ഥാനിരീക്ഷണ ഉപകരണമാണെന്ന് മനസ്സിലായത്.

മംഗളൂരുവിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് പ്രദേശവാസികള്‍ക്ക് ആശ്വാസമായത്. മംഗളൂരുവിലെ കാലവസ്ഥാനിരീക്ഷണ കേന്ദ്രത്തില്‍നിന്ന് നിത്യേന ഹൈഡ്രജന്‍ ബലൂണിനൊപ്പം പറത്തിവിടുന്ന കാലാവസ്ഥാനിരീക്ഷണ ജിപിഎസ് ഉപകരണമാണിത്.

കഴിഞ്ഞ മാസമാണ് നിരീക്ഷണ കേന്ദ്രം പ്രവര്‍ത്തനമരംഭിച്ചത്. ആകാശത്തിലെ താപനിലയും ഈര്‍പ്പവും കാറ്റിന്റെ ഗതിയുമൊക്കെ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഈ ഉപകരണം അയക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ദിവസവും പുലര്‍ച്ചെ നാലരയോടെ ഈ ഉപകരണം പറത്തിവിടും. ബലൂണിന്റെ കാറ്റുപോകുകയോ പൊട്ടുകയോ ചെയ്താല്‍ ഇത് എവിടെയെങ്കിലും വീഴും. ഇത്തരം ഉപകരണം കണ്ടാല്‍ ഇനി പേടിക്കേണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തില്‍ അറിയിക്കണമെന്നും അവര്‍ പറഞ്ഞു. ഇതോടെ നാട്ടുകാരുടെ ഭീതിയും അകന്നു. ദക്ഷിണ കന്നഡ ജില്ലയിലെ സ്ഥലമാണ് ബല്‍ത്തങ്ങടി.

Similar News