'ധനരാജിന്റെ കൊലയാളികളായ ബിജെപിയുടെ സഹായം ആവശ്യമില്ല; കമ്യൂണിസ്റ്റായിത്തന്നെ ജീവിക്കും'; ബി ഗോപാലകൃഷ്ണന് മറുപടിയുമായി കുഞ്ഞികൃഷ്ണന്‍
പയ്യന്നൂര്‍: കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയതിന്റെ പേരില്‍ സിപിഎമ്മില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ബിജെപിയിലേക്ക് തന്നെ ക്ഷണിച്ച ബി ഗോപാലകൃഷ്ണന് മറുപടിയുമായി വി.കുഞ്ഞിക്കൃഷ്ണന്‍. ഗോപാലകൃഷ്ണന് നല്ല നമസ്‌കാരമെന്ന് വി.കുഞ്ഞിക്കൃഷ്ണന്‍ പ്രതികരിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന വര്‍ഗീയ രാഷ്ട്രീയപാര്‍ട്ടിയുമായി സന്ധിചെയ്യേണ്ട കാര്യം തനിക്കില്ല. തീവെട്ടിക്കൊള്ളക്കാരായ ചിലയാളുകളും അവരെ സംരക്ഷിക്കുന്ന നേതൃത്വവും പാര്‍ട്ടിക്കുണ്ടായിയെന്നത് വാസ്തവം. പാര്‍ട്ടി നേതൃത്വത്തിനാണ് അപചയമുണ്ടായത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനല്ലെന്ന് കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.
ബുധനാഴ്ച പയ്യന്നൂരില്‍ ടി.െഎ.മധുസൂദനന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ഉപാധ്യക്ഷനായ ബി.ഗോപാലകൃഷ്ണന്‍ കുഞ്ഞിക്കൃഷ്ണനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. താന്‍ കമ്യൂണിസ്റ്റാണെന്നും ഇനിയും കമ്യൂണിസ്റ്റായിത്തന്നെ ജീവിക്കുമെന്നും കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. കമ്യൂണിസ്റ്റായി തന്നെ മരിക്കും. തന്റെ നിലപാടില്‍ വേവലാതിപൂണ്ട ചിലര്‍ പച്ചയ്ക്ക് കത്തിച്ചാലും പ്രശ്‌നമില്ല. അതുകൊണ്ട് തന്നെ തന്റെ ജീവന്‍ സംരക്ഷിക്കാന്‍ ധീര രക്തസാക്ഷി ധനരാജിന്റെ കൊലയാളികളായ ബിജെപിയുടെ സഹായം ആവശ്യമില്ലെന്ന് അവരെ അറിയിക്കുന്നു.
ലോകത്ത് ഇന്നേവരെ വളര്‍ന്നുവന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന തത്ത്വശാസ്ത്രം മാര്‍ക്‌സിസത്തിന്റേതാണ്. ആ ദര്‍ശനമാണ് തന്റെ മാര്‍ഗദര്‍ശി. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനിന്ന് അവശേഷിക്കുന്ന ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു.