വിനോദയാത്രയ്ക്കിടെ കാറില്‍ ടിപ്പര്‍ ലോറി ഇടിച്ച് അപകടം; കര്‍ണാടക സ്വദേശി മരിച്ചു
തിരുവനന്തപുരം: പാറശാലയില്‍ നടന്ന വാഹനാപകടത്തില്‍ കര്‍ണാടക സ്വദേശി മരിച്ചു. കന്യാകുമാരിയില്‍നിന്ന് തിരുവനന്തപുരത്തേക്കു വരുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഇന്നലെ പാറശാല വന്യക്കോട് വച്ച് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കര്‍ണാടക സ്വദേശി രവി (50)ആണ് മരിച്ചത്. രവിക്കൊപ്പമുണ്ടായിരുന്ന അഞ്ചുവയസുകാരനായ ഷിഡ്ജല്‍ ഗൗഡ, മമത (35), ലക്ഷ്മി(45), ലോകേഷ് (44) എന്നിവര്‍ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകീട്ട് നാലുമണിയോടുകൂടി കളിയിക്കാവിള ചെറുവാരക്കോണം റോഡില്‍ ആയിരുന്നു അപകടം. വിനോദ സഞ്ചാരികളായ ഇവര്‍ കന്യാകുമാരി സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാറിലേക്ക് ചെറുവാരക്കോണം ഭാഗത്തുനിന്ന് കോഴിവിളയിലേക്കു പോവുകയായിരുന്ന ടിപ്പര്‍ ലോറി ഇടിച്ചതായാണ് പ്രദേശവാസികള്‍ പറയുന്നത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ശബ്ദംകേട്ട് എത്തിയ പ്രദേശവാസികളും പാറശാല പൊലീസും ചേര്‍ന്ന് കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തേക്കെടുത്ത് പാറശാല താലൂക്ക് ആശുപത്രയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് രവി മരിച്ചത്. പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.