സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വയോധികനെ ഡിജിറ്റല്‍ അറസ്റ്റിലാക്കി; ആലപ്പുഴയില്‍ 72കാരനെ കബളിപ്പിച്ച് തട്ടിയത് 25.25 ലക്ഷം രൂപ
ഡിജിറ്റൽ അറസ്റ്റ്: ആലപ്പുഴയില്‍ വയോധികനെ കബളിപ്പിച്ച് 25.25 ലക്ഷം തട്ടി
ആലപ്പുഴ: ചെങ്ങന്നൂരില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുങ്ങിയ വയധികന് നഷ്ടമായത് 25.25 ലക്ഷം രൂപ. സിബിഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേന തട്ടിപ്പുകാര്‍ റിട്ട. ഉദ്യോഗസ്ഥനായ 72കാരനെ കബളിപ്പിച്ച് പണം കൈക്കലാക്കുക ആയിരുന്നു. പരിശോധനകള്‍ക്ക് ശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞ പണം ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരികെ ലഭിക്കാതെ വന്നതോടെയാണ് വയോധികന്‍ പരാതി നല്‍കിയത്.
ചെങ്ങന്നൂര്‍ വെണ്മണി സ്വദേശിയാണ് തട്ടിപ്പിനരയായത്. ജനുവരി 13ന് തട്ടിപ്പുകാര്‍ വയോധികനെ വാട്ട്സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ട് വയോധികന്റെ മുംബൈ കാനറാ ബാങ്ക് അക്കൗണ്ടില്‍ 24 പേര്‍ പലതവണകളായി രണ്ട് കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും പണം പരാതിക്കാരന്‍ പിന്‍വലിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ സിബിഐ രജിസ്റ്റര്‍ചെയ്ത കേസില്‍ ഡിജിറ്റല്‍ അറസ്റ്റുചെയ്യുകയാണെന്നും പറഞ്ഞ് ഭയപ്പെടുത്തുകയും ഡിജിറ്റല്‍ അറസറ്റിലാണെന്ന് അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് 15നും 22നുമായി മൂന്ന് തവണയായി പരിശോധനയ്ക്ക് ശേഷം മടക്കിനല്‍കാമെന്ന വ്യാജേന പരാതിക്കാരന്റെ മറ്റ് ബാങ്ക് അക്കൗണ്ടുകളിലുണ്ടായിരുന്ന 25.25 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. വെള്ളിയാഴ്ച വരെ പണം തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയിലിരിക്കുകയായിരുന്നു. വയോധികന്റെ പരാതിയില്‍ കേസെടുത്ത ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു.