സംസാരശേഷിയില്ല; അധ്യാപകന്‍ പീഡിപ്പിച്ച വിവരം ബുക്കില്‍ വരച്ചിട്ട് ഓട്ടിസം ബാധിച്ച കുട്ടി: പ്രതിക്ക് 161 വര്‍ഷം കഠിന തടവ്

അധ്യാപകന്‍ പീഡിപ്പിച്ച വിവരം ബുക്കില്‍ വരച്ചിട്ട് ഓട്ടിസം ബാധിച്ച കുട്ടി: പ്രതിക്ക് 161 വര്‍ഷം കഠിന തടവ്

Update: 2026-02-02 02:38 GMT

ധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം ബുക്കില്‍ വരച്ചിട്ട് ഓട്ടിസം ബാധിച്ച കുട്ടി. കുട്ടി വരച്ചിട്ട ചിത്രത്തിന്റെ തുമ്പ് പിടിച്ച് എല്ലാ വിവരങ്ങളും പുറത്തുവന്ന കേസില്‍ പ്രതിയെ 161 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. പൗഡിക്കോണം സ്വദേശി സന്തോഷ് കുമാറിനെ (56)യാണ് വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. തടവിന് പുറമെ 87000 രൂപ പിഴയും അടയ്ക്കാന്‍ അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള വിധിച്ചു.

2019 ജൂലായിലാണ് കണ്ണൂര്‍ സ്വദേശിയായ ഓട്ടിസം ബാധിതനായ കുട്ടി പീഡനത്തിന് ഇരയായത്. ഓട്ടിസം ചികിത്സയ്ക്കായിം മൂന്നാം ക്ലാസുകാരനുമായ കുട്ടി തിരുവനന്തപുരത്ത് താമസിക്കുമ്പോഴാണ് സംഭവം. തിരുവനന്തപുരത്തെ സ്‌കൂളിലെ അദ്ധ്യാപകനാണ് കുട്ടിയുടെ വൈകല്യം മുതലെടുത്ത് പീഡിപ്പിച്ചത്. സ്‌കൂളിലെ ശുചിമുറിയിലെത്തിച്ച് അധ്യാപകന്‍ കുട്ടിയെ പലവട്ടം പീഡിപ്പിച്ചു.

ആദ്യഘട്ടത്തിലെ ചികിത്സയില്‍ അസുഖത്തിന് നല്ല മാറ്റം കണ്ടു വന്നിരുന്ന കുട്ടി, പെട്ടെന്ന് ബഹളംവച്ച് തുടങ്ങിയപ്പോഴാണ് കുട്ടിയുടെ അമ്മ ഇത് ശ്രദ്ധിച്ചത്. കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടതോടെയാണ് വീട്ടുകാര്‍ക്ക് സംശയമായത്. കുട്ടിക്ക് സംസാരിക്കാന്‍ പരിമിതി ഉള്ളതിനാല്‍ ഒന്നും ചോദിച്ചറിയാന്‍ സാധിച്ചില്ല. എന്നാല്‍ തനിക്ക് കിട്ടുന്ന പല അനുഭവങ്ങളും ബുക്കില്‍ എഴുതിയോ വരച്ചോ വയ്ക്കുന്ന ശീലം കുട്ടിക്ക് ഉണ്ടായിരുന്നതാണ് കേസില്‍ വഴിത്തിരിവായത്.

അധ്യാപകനില്‍ നിന്ന് കുട്ടിക്കുണ്ടായ മോശം അനുഭവത്തെപ്പറ്റി കുട്ടി ബുക്കില്‍ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ സ്പീച്ച് തെറാപ്പിസ്റ്റ് മുഖേനെയാണ് പീഡന വിവരം കണ്ടെത്തിയത്. കുട്ടി പറയുന്ന കാര്യങ്ങള്‍ അവ്യക്തമായത് കൊണ്ട് മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ഉള്‍പ്പെട്ട പാനല്‍ രൂപീകരിച്ചാണ് മൊഴി പൊലീസ് രേഖപ്പെടുത്തിയത്. പിഴ അടച്ചില്ലെങ്കില്‍ എട്ടര വര്‍ഷം അധികശിക്ഷ അനുഭവിക്കണം. ഇരുപത് വര്‍ഷം ശിക്ഷയോടൊപ്പം മറ്റ് ശിക്ഷകള്‍ പ്രതി ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.

Tags:    

Similar News