'ദി കേരള സ്റ്റോറി 2': കേരളത്തെ അപമാനിക്കാനുള്ള അജണ്ടയെന്ന് കെ.സി. വേണുഗോപാല്‍; വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്

Update: 2026-02-19 07:37 GMT

തിരുവനന്തപുരം: കേരളത്തെ ലോകമമ്പാടും അപമാനിക്കാനും വര്‍ഗീയമായി ചേരിതിരിക്കാനും ലക്ഷ്യമിട്ടുള്ള 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നുണക്കഥകളിലൂടെ കേരളത്തിന്റെ മതേതര മനസ്സിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നുണക്കഥകള്‍ കൊണ്ട് കേരളത്തിന്റെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാന്‍ കഴിയില്ലെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഇത്തരം അസംബന്ധങ്ങളെ മലയാളികള്‍ അവജ്ഞയോടെ തള്ളിക്കളയും. 'നിങ്ങളുടെ വെറുപ്പിന്റെ കമ്പോളത്തില്‍ കേരള ജനത സ്‌നേഹത്തിന്റെ കട തുറക്കുക തന്നെ ചെയ്യും' എന്ന വാക്കുകളോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

കെ സി വേണുഗോപാലിന്റെ പോസ്റ്റ് ചുവടെ

കേരളത്തെ അപമാനിക്കാനും വര്‍ഗീയമായി ചേരിതിരിക്കാനും ലക്ഷ്യമിട്ടുള്ള 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗവുമായി സംഘപരിവാര്‍ അജണ്ട വീണ്ടും തലപൊക്കുകയാണ്. യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത നുണക്കഥകള്‍ ആവിഷ്‌കരിച്ച്, സൗഹാര്‍ദ്ദത്തിന്റെ ഈ നാടിനെപ്പറ്റി ലോകമെമ്പാടും തെറ്റിദ്ധാരണ പരത്താനുള്ള ആസൂത്രിത നീക്കമാണിത്. പുറത്തുവന്ന ട്രെയിലറിലെ രംഗങ്ങള്‍ കാണുമ്പോള്‍ ഇത് നാം ജീവിക്കുന്ന കേരളമാണോ അതോ അണിയറപ്രവര്‍ത്തകര്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സൃഷ്ടിച്ചെടുത്ത ഏതെങ്കിലും സമാന്തര ലോകമാണോ എന്ന് സാമാന്യബോധമുള്ളവര്‍ക്ക് സംശയം തോന്നിപ്പോകും.

ആദ്യഭാഗത്തില്‍ 32,000 സ്ത്രീകളുടെ ലവ് ജിഹാദ് കണക്ക് പറഞ്ഞ് നുണപ്രചാരണം നടത്തിയവര്‍, ഇത്തവണ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതുപോലുള്ള അടിസ്ഥാനരഹിതമായ രംഗങ്ങള്‍ ഉള്‍പ്പെടുത്തി മതവികാരം വ്രണപ്പെടുത്താനും സമൂഹത്തില്‍ വെറുപ്പ് വിതയ്ക്കാനുമാണ് ശ്രമിക്കുന്നത്. ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ പേരില്‍ മനുഷ്യരെ വേര്‍തിരിച്ചു കാണാത്ത, മതേതരത്വത്തിന് പേരുകേട്ട ഒരു സംസ്ഥാനത്തെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇത്തരം അസംബന്ധങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്ന മലയാളികളുടെ പ്രതികരണം, ഈ വിഷലിപ്ത പ്രചാരണങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയാണ്.

നുണകള്‍ മാത്രം അടിസ്ഥാനമാക്കി നിര്‍മ്മിച്ച ആദ്യ ഭാഗത്തിന് ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നല്‍കി ആദരിച്ച ബി.ജെ.പി ഭരണകൂടമാണ് ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്ക് വളം വെച്ചുകൊടുക്കുന്നത്. ഒരു ജനതയെ ഒന്നാകെ അപഹസിക്കുന്ന വ്യാജ സൃഷ്ടികളെ ഔദ്യോഗികമായി അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. സംഘപരിവാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഇത്തരം നുണക്കഥകള്‍ കൊണ്ട് കേരളത്തിന്റെ മതേതര മനസ്സിനെ തകര്‍ക്കാന്‍ കഴിയില്ല. നിങ്ങളുടെ വെറുപ്പിന്റെ കമ്പോളത്തില്‍ കേരള ജനത സ്‌നേഹത്തിന്റെ കട തുറക്കുക തന്നെ ചെയ്യും.

Similar News