നിലമ്പൂർ ബൈപ്പാസ്: നഷ്ടപരിഹാരം ലഭിക്കാതെ ദുരിതത്തിലായി കുടുംബങ്ങൾ; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി സമരസമിതി; പൊതുമരാമത്ത് ഓഫിസിന് മുന്നില്‍ നിരാഹാര സമരം

Update: 2025-02-03 08:07 GMT

നിലമ്പൂർ: ബൈപ്പാസിനായി സ്ഥലം നൽകിയവർക്കുള്ള നഷ്ടപരിഹാരം വൈകുന്നത്തിൽ പ്രതിഷേധം. പദ്ധതി പ്രഖ്യാപിച്ച് 30 വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ പ്രതിസന്ധിയിലായിരിക്കുകയാണ് 47 കുടുംബങ്ങൾ. സർക്കാർ രേഖകളിൽ സ്ഥലം ഏറ്റെടുത്ത് 30 വർഷം കഴിഞ്ഞിട്ടും ബൈപ്പാസ് നിർമാണം നടത്താനോ നഷ്ട പരിഹാരം നൽകാനോ കഴിഞ്ഞിട്ടില്ല. ഇതോടെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് സമരസമിതി. ഇന്ന് മുതൽ മൂന്ന് ദിവസം നിലമ്പൂര്‍ പൊതുമരാമത്ത് ഓഫിസിന് മുന്നില്‍ നിരാഹാര സമരം നടത്താനാണ് ദുരിതത്തിലായ കുടുംബങ്ങളുടെ തീരുമാനം. നിലമ്പൂർ വികസന സമിതിയുടെ നേതൃത്വത്തിൽ ബൈപ്പാസ് കൂട്ടായ്മയാണ് നിരാഹാര സമരം സംഘടിപിക്കുന്നത്.

31 വർഷം മുൻപാണ് നിലമ്പൂർ ബൈപാസിനായി സ്ഥലം ഏറ്റെടുക്കുന്നത്. ഒസീക്കെപടി മുതൽ വെളിയം തോട് വരെ 6 കിലോമീറ്റർ ദൂരത്തിലായിരുന്നു ബൈപ്പാസിന്റെ പദ്ധതി. 3 വർഷത്തിന് മുൻപ് 2 കിലോമീറ്റർ ഏറ്റെടുത്ത് അതിന്റെ പണം നൽകി. ബാക്കിയുള്ളത് 4 കിലോമീറ്ററിൽ 47 വീടുകളുണ്ട്. ഈ വീടുകൾ 31 വർഷമായി അറ്റകുറ്റ പണികൾ പോലും ചെയ്യാത്ത അവസ്ഥയിലാണുള്ളതെന്നാണ് ഉടമസ്ഥർ പറയുന്നത്. സ്ഥലം ബൈപ്പാസിനായി സർക്കാർ ഏറ്റെടുത്തതിനാൽ പഞ്ചായത്തിന്റെ ലോൺ പോലും ലഭിക്കുന്നില്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്. 31 വർഷം കഴിഞ്ഞിട്ടും ബൈപാസ് നിർമാണം നടന്നിട്ടില്ല.

ദുരിതത്തിലായ കുടുംബങ്ങൾ വർഷങ്ങളായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. ബൈപ്പാസുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി മുഖ്യമന്ത്രിയോടും ബോധിപ്പിച്ചിരുന്നു. സംഭവം ഗൗരവമാണെന്നും ഉടനെ പ്രതിവിധിയുണ്ടാവുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. പ്രശ്‌നത്തിൽ പരിഹാരം കാണാതെ വോട്ട് ചെയ്യില്ലെന്നുമാണ് കുടുംബങ്ങൾ പറയുന്നത്. ഇന്ന് മുതൽ ബുധനാഴ്ച വരെ പൊതുമരാമത്ത് ഓഫീസിന് മുന്നിൽ നിരാഹാര സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ബൈപ്പാസിനായി സ്ഥലം വിട്ട് നൽകിയവർക്ക് നഷ്ട പരിഹാരം നൽകണം, ബൈപാസിന്റെ പദ്ധതി യാഥാർഥ്യമാക്കണം എന്നതാണ് സമര സമിതിയുടെ ആവശ്യം.

നിലമ്പൂർ പട്ടണത്തിലെ തിരക്കുകൾ കുറയ്ക്കാനും, സംസ്ഥാനപാത 28ലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും സഹായിക്കുന്ന ഒന്നാണ് നിലമ്പൂർ ബൈപ്പാസ് പദ്ധതി. കേരളത്തിലെ പ്രധാനപ്പെട്ട സംസ്ഥാന പാതകളിൽ ഒന്നാണിത്. തമിഴ്നാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ യാത്രയ്ക്കും മറ്റും കാര്യമായി ഉപയോഗിക്കപ്പെടുന്ന ഒരു പാതയാണിത്. ഇക്കാരണത്താൽ തന്നെ വലിയ തിരക്കാണ് സംസ്ഥാനപാതയായ 28ലുള്ളത്. പൊതുമരാമത്ത് വകുപ്പാണ് പദ്ധതി നടപ്പാക്കേണ്ടത്. ജ്യോതിപ്പടിയിൽ നിന്ന് മുക്കട്ട വരെ 4.387 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. മുക്കട്ട മുതൽ വെളിയംതോട് വരെ 1.613 കിലോമീറ്റർ. ഇതിന്റെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്ന 2.4 കിലോമീറ്റർ ദൂരത്തിലേക്ക് ആവശ്യമായ ഭൂമി ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. ഏതാണ്ട് ഇത്രയും ദൂരം റോഡ് രൂപപ്പെടുത്തുകയും ചെയ്തു. ബാക്കി ഭാഗത്തെ ഭൂമി ഏറ്റെടുക്കാനുണ്ട്.

Tags:    

Similar News