ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു പരുക്കേറ്റു; ചുട്ടിപ്പാറ ഗവ.നഴ്‌സിങ് കോളജിലെ വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ചു: അപകടത്തില്‍പ്പെട്ടത് നാലാം വര്‍ഷ വിദ്യാര്‍ത്ഥിനി
ഹോസ്റ്റലിന്റെ മുകളിൽനിന്ന് വീണ നഴ്സിങ് വിദ്യാർഥിനി മരിച്ചു
പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു മരിച്ചു. ചുട്ടിപ്പാറ ഗവ.നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ദാരുണമായി മരിച്ചത്. തിരുവനന്തപുരം അയിരൂര്‍പാറ രാമപുരത്തുപൊയ്ക ശിവം വീട്ടില്‍ സജീവ്, രാധാമണി ദമ്പതികളുടെ മകള്‍ അമ്മു സജീവ് (21) ആണ് അബദ്ധത്തില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് വീണത്. ഇന്നലെ വൈകിട്ടാണു സംഭവം.
വീഴ്ചയില്‍ പരുക്കേറ്റ വിദ്യാര്‍ഥിനിയെ അധ്യാപകരും സഹപാഠികളും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. കാലിനു സാരമായി പരുക്കേറ്റിരുന്നു. റഫര്‍ ചെയ്യുന്ന കാര്യം വീട്ടുകാരെ അറിയിച്ചപ്പോള്‍ തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചെന്നാണു സൂചന. തുടര്‍ന്ന് ഐസിയു ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. അധ്യാപകരും സഹപാഠികളും ഒപ്പമുണ്ടായിരുന്നു. സഹോദരന്‍: അഖില്‍ സജീവ്.