പെട്ടെന്ന് ഒരു പറമ്പ് മുഴുവൻ തീഗോളമായി; നിമിഷ നേരം കൊണ്ട് ഫയർ ഫോഴ്സ് അടക്കം പാഞ്ഞെത്തി 'തീ' മുഴുവൻ അണച്ചതോടെ ഹൃദയം നുറുങ്ങുന്ന കാഴ്ച; വെന്ത് വെണ്ണീറായി വയോധികന്റെ ശരീരം
മലപ്പുറം: മലപ്പുറം ആനമങ്ങാട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായ തീപിടിത്തം അണയ്ക്കുന്നതിനിടെ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആനമങ്ങാട് വടക്കച്ചേരി കൈമല വീട്ടിൽ രാധാകൃഷ്ണൻ (60) ആണ് മരിച്ചത്. തീപിടിത്തത്തിൽ രാധാകൃഷ്ണൻ എങ്ങനെ അകപ്പെട്ടുവെന്ന് വ്യക്തമല്ലാത്തതിനാൽ പെരിന്തൽമണ്ണ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. പറമ്പിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. തീയണച്ചതിന് ശേഷമുള്ള പരിശോധനയിലാണ് രാധാകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് ഏക്കറുകണക്കിന് സ്ഥലത്ത് മരങ്ങളും പുൽക്കാടുകളും കത്തിനശിച്ചിട്ടുണ്ട്.
വൈകിട്ട് ആറരയോടെ പെരിന്തൽമണ്ണ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രാധാകൃഷ്ണന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പാറുക്കുട്ടിയാണ് മരിച്ച രാധാകൃഷ്ണന്റെ ഭാര്യ. മണികണ്ഠൻ, രജിത എന്നിവർ മക്കളും, സുബ്രഹ്‌മണ്യൻ (പരിയാപുരം ചേരി) മരുമകനുമാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷണവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പുറത്തുവരുന്നതോടെ മാത്രമേ വ്യക്തമാകൂ.