'ഓപ്പറേഷന്‍ നുംഖോര്‍': ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാര്‍ മുക്കത്ത് വെച്ച് പിടികൂടി; റെയ്ഡില്‍ ഇതിനോടകം പിടികൂടിയത് നാല്‍പതോളം വാഹനങ്ങള്‍
'ഓപ്പറേഷന്‍ നുംഖോര്‍': ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാര്‍ മുക്കത്ത് വെച്ച് പിടികൂടി
കോഴിക്കോട്: ഭൂട്ടാനില്‍ നിന്നുള്ള വാഹനങ്ങളുടെ അനധികൃത കടത്തില്‍ ഒരു ആഡംബര കാര്‍ കൂടി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തു. മുക്കത്ത് നിന്നാണ് വാഹനം കണ്ടെടുത്തത്. 'ഓപ്പറേഷന്‍ നുംഖോര്‍' എന്ന പേരില്‍ തുടരുന്ന റെയ്ഡില്‍ ഇതിനോടകം നാല്‍പതോളം വാഹനങ്ങളാണ് സംസ്ഥാനത്തുടനീളം പിടിച്ചെടുത്തിട്ടുള്ളത്.
അതിര്‍ത്തിയിലൂടെ വാഹനങ്ങള്‍ നിര്‍ബാധം ഇന്ത്യയിലേക്ക് കടത്തി കൊണ്ടുവരികയായിരുന്നു എന്നാണ് നിഗമനം. ഏജന്റുമാര്‍ ഇത് സൗകര്യമാക്കിയതോടെ വിദേശ ആഡംബര സെക്കന്‍ഡ്ഹാന്‍ഡ് വാഹനങ്ങള്‍ നിര്‍ബാധം രാജ്യത്തെത്തി. ഭൂട്ടാനില്‍നിന്ന് കൊണ്ടുവരുന്ന വാഹനം അതിര്‍ത്തിയിലെ റോഡ് സുരക്ഷസേനാ പരിശോധനകള്‍ വളരെ വേഗം മറികടന്നാണ് ഇന്ത്യയിലെത്തുന്നത്. ഇവിടെ എത്തിച്ചശേഷം ഇന്ത്യന്‍ എംബസിയുടെ വ്യാജസീലും രേഖകളും ഉണ്ടാക്കിയാണ് വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ പരിവഹന്‍ വെബ്സൈറ്റ് ഹാക്ക് ചെയ്താണ് പലയിടത്തും രജിസ്ട്രേഷന്‍ നേടിയെടുക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളായി വിദേശ വാഹനകടത്തുകാര്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാതെയാണ്, നിരത്തില്‍ ഓടുന്ന വാഹനങ്ങള്‍ കസ്റ്റംസിനെ ഉപയോഗിച്ച് പിടിച്ചെടുക്കുന്നത്. ഏജന്റുമാര്‍ നിയമം ലംഘിച്ച് കടത്തിക്കൊണ്ടുവന്നതാണെന്ന് അറിയാതെയാണ് പലരും വാഹനങ്ങള്‍ സ്വന്തമാക്കിയത്.