ബൈക്കിന് പെട്രോള്‍ അടിക്കാന്‍ എന്ന വ്യാജേന പമ്പില്‍ എത്തി; ജീവനക്കാരുടെ സമീപം വെച്ചിരുന്ന ബാഗ് പെട്ടെന്ന് തട്ടിയെടുത്ത് കടന്നുപോയി; കവര്‍ന്നത് 48000 രൂപ; മോഷ്ടാക്കള്‍ എത്തിയത് മാസ്‌ക് ധരിച്ച്; പ്രതികളെ തിരഞ്ഞ് പോലീസ്
വടക്കഞ്ചേരി: ദേശീയപാതയോരത്ത് പന്തലാംപാടിന് സമീപമുള്ള പെട്രോള്‍ പമ്പില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ പണം തട്ടിയെടുത്ത് കടന്നതായി റിപ്പോര്‍ട്ട്. കവര്‍ന്നത് 48,380 രൂപയടങ്ങിയ ബാഗാണെന്ന് ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി.
ബുധനാഴ്ച പുലര്‍ച്ചെ 12.50ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാസ്‌ക് ധരിച്ച നിലയിലാണ് ബൈക്കിലെത്തിയ ഇരുവരും പമ്പിലെത്തിയത്. പെട്രോള്‍ അടിക്കുന്ന സ്ഥലത്ത് ജീവനക്കാരുടെ സമീപം വെച്ചിരുന്ന ബാഗ് പെട്ടെന്ന് തട്ടിയെടുത്ത് കടന്നുപോകുകയായിരുന്നു.
സംഭവത്തിന് ശേഷം വടക്കഞ്ചേരി പൊലീസ് വാഹനത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങിയിരിക്കുകയാണ്. വാഹനം കേന്ദ്രീകരിച്ച് വടക്കഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
പൊലീസ് സംഘങ്ങള്‍ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കവര്‍ച്ചയിലെ പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.