പൊതുമുതല്‍ കയ്യിട്ട് വാരുന്നത് ഒരാള്‍ ശീലമാക്കിയാല്‍ നമ്മളെന്ത് ചെയ്യണം? ജലീലിനെ മലപ്പുറം ബണ്ടിചോര്‍ എന്ന് വിശേഷിപ്പിച്ച് പികെ ഫിറോസ്
കോഴിക്കോട്: ഇടത് എംഎല്‍എയും മുന്‍മന്ത്രിയുമായ കെ.ടി.ജലീലിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്. ജലീലിനെ മലപ്പുറം ബണ്ടിചോര്‍ എന്നാണ് ഫിറോസ് വിശേഷിപ്പിച്ചത്. അധ്യാപക പെന്‍ഷന്‍ ആനുകൂല്യം സംഘടിപ്പിക്കാന്‍ കെ.ടി.ജലീല്‍ പിന്‍വാതില്‍ നിയമനം നടത്തിയെന്ന ആരോപണത്തിലായിരുന്നു ഫിറോസിന്റെ പ്രതികരണം.
പി.കെ.ഫിറോസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം...
മത്സരിക്കാന്‍ വേണ്ടി ആദ്യം സര്‍ക്കാര്‍ ജോലി രാജിവെക്കുക. രാജിവെച്ചപ്പോള്‍ കിട്ടേണ്ട ആനുകൂല്യങ്ങളെല്ലാം ആ സമയത്ത് കൈപ്പറ്റുക. മന്ത്രി, എം.എല്‍.എ എന്നീ വകയില്‍ കിട്ടാനുള്ള പെന്‍ഷനുകള്‍ക്ക് പുറമെ, അധ്യാപകനായ വകയിലുമുള്ള ഇരട്ട പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കിട്ടാന്‍ രാജി കൊടുത്തത് പിന്നീട് വിടുതലാക്കാന്‍ അപേക്ഷിക്കുക. അതിനായി സര്‍വീസ് ബുക്ക് തിരുത്താനും ശ്രമിക്കുക.
പൊതുമുതല്‍ കയ്യിട്ട് വാരുന്നത് ഒരാള്‍ ശീലമാക്കിയാല്‍ നമ്മളെന്ത് ചെയ്യണം? അത്തരക്കാരെ കയ്യോടെ പിടിക്കണം. അപ്പോഴോ?! ചില പോക്കറ്റടിക്കാര്‍ ചെയ്യുന്നത് പോലെ അവര്‍ വായില്‍ ബ്ലേഡ് കഷ്ണങ്ങള്‍ സൂക്ഷിക്കും. പിടിക്കാന്‍ വരുന്നവരുടെ മുഖത്തേക്ക് തുപ്പും. നമ്മളറിയാതെ മുഖം തുടക്കും. മുറിവും പറ്റും. പക്ഷേ കാര്യമാക്കരുത്.
സത്യസന്ധത ജീവിതത്തില്‍ അടുത്ത് കൂടെ പോകാത്ത ഒരാളുടെ മുഖമാണ് വീണ്ടും വീണ്ടും വ്യക്തമാവുന്നത്. ഉടായിപ്പിന് കയ്യും കാലും വെച്ച ഒരാള്‍. അയാള്‍ സ്വയം വിശേഷിപ്പിക്കുന്നത് മലപ്പുറം സുല്‍ത്താന്‍ എന്നാണ്. നാട്ടുകാര്‍ അയാളെ ഇനി മുതല്‍ മലപ്പുറം ബണ്ടി ചോര്‍ എന്നാണ് വിളിക്കുക. മലപ്പുറം ബണ്ടി ചോര്‍!