എം.ആര്‍ അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണം; മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ല; പിവി അന്‍വറിന്റെ പ്രവേശനം യുഡിഎഫ് ആലോചിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കുഞ്ഞാലിക്കുട്ടി

Update: 2024-09-21 10:45 GMT

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന് എതിരെ ഉയര്‍ന്ന വിവാദ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണം തൃപ്തികരമല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇതൊക്കെ ഒരു വിശദീകരണം കൊണ്ടോ, പത്രസമ്മേളനം കൊണ്ടോ തീരുന്ന വിഷയങ്ങള്‍ അല്ല. എം.ആര്‍ അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണം. പിവി അന്‍വറിന്റെ പ്രവേശനം യുഡിഎഫ് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പൂരം കലക്കിയ വിഷയം രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. കേരളത്തിലെ ഭരണ കക്ഷിയും പ്രതിപക്ഷവും ഒരുപോലെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. മലപ്പുറം ജില്ലയിലുണ്ടായ പൊലീസിലെ പ്രശ്‌നങ്ങള്‍ മുസ്ലിം ലീഗ് മുന്‍പേ ചൂണ്ടിക്കാണിച്ചതാണ്. താമീര്‍ ജിഫ്രിയുടെ കേസ് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്ന് ലീഗ് നേരത്തെ പറഞ്ഞതാണ്. സ്വര്‍ണ്ണ കള്ളക്കടത്തില്‍ ഡാന്‍സാഫിനെ വെള്ള പൂശിയിട്ട് കാര്യം ഇല്ല. വയനാടുമായി ബന്ധപെട്ട് അത്തരത്തിലൊരു ഡോക്യൂമെന്റ് പുറത്ത് വരാനേ പാടില്ലായിരുന്നു. ഈ വിഷയങ്ങളില്‍ യുഡിഎഫ് പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണം പോലും ഉയര്‍ന്നു വരാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. എഡിജിപിക്കെതിരെ അന്വേഷണങ്ങളില്‍ നിക്ഷ്പക്ഷമായ അന്വേഷണമാണ് വേണ്ടത്. എം.ആര്‍ അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണം എന്നാണ് യുഡിഫ് ആവശ്യം. പിവി അന്‍വറിന്റെ പ്രവേശനം യുഡിഎഫിന്റെ ചര്‍ച്ചയിലും ചിന്തയിലും ഇല്ലാത്ത കാര്യമാണ്.

പിവി അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയത് തെറ്റാണ്. പോലീസിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയരാന്‍ പാടില്ലായിരുന്നു. ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നത് നിസ്പക്ഷമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News