കൈകൊണ്ട് ഒരു ആക്ഷൻ കാണിച്ചതും തർക്കം; സീനിയർ വിദ്യാർത്ഥികൾ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സംഘം ചേർന്ന് തല്ലിച്ചതച്ചു; ദൃശ്യങ്ങൾ പുറത്ത്

Update: 2025-08-12 11:21 GMT

കോഴിക്കോട്: കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ചു. പ്ലസ് വൺ വിദ്യാർത്ഥിയായ അമലിനാണ് പ്ലസ് ടു വിദ്യാർത്ഥികളിൽ നിന്നും മർദനമേറ്റത്. കൈകൊണ്ട് ആംഗ്യം കാണിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു.

പരിക്കേറ്റ അമലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സ്കൂളിലെ ആന്റി-റാഗിങ് കമ്മിറ്റിയും മർദനമേറ്റ കുട്ടിയുടെ രക്ഷിതാവും കോടഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥിയെ വളഞ്ഞിട്ട് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്‌കൂളിലെ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്കിടയിൽ സംഘർഷങ്ങൾ വർധിക്കുന്നതിനിടെയാണ് ഈ സംഭവവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

അടുത്തിടെ കണ്ണൂരിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും, പത്തനംതിട്ട എഴുമറ്റൂരിൽ ഷർട്ടിൽ കുത്തിവരച്ചത് ചോദ്യം ചെയ്തതിനും സമാനമായ രീതിയിൽ വിദ്യാർത്ഥികൾക്ക് മർദനമേറ്റിരുന്നു. എറണാകുളത്ത് 'ബെസ്റ്റി'യെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയ സംഭവത്തിലും പോലീസ് ഇടപെട്ടിരുന്നു.വിദ്യാർത്ഥിയുടെ രക്ഷിതാവും സ്കൂൾ അധികൃതരും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Tags:    

Similar News