പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പ്രവാസിയായ പിതാവിന് മരണം വരെ തടവ് ശിക്ഷ തളിപ്പറമ്പ് പോക്സോ കോടതി
തളിപ്പറമ്പ്: 13കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് മരണം വരെ തടവുശിക്ഷ. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. പ്രവാസിയായ പിതാവിന് മരണം വരെ തടവുശിക്ഷയും 15 ലക്ഷം രൂപ പിഴയുമാണ് ജഡ്ജി ആര്‍ രാജേഷ് വിധിച്ചിരിക്കുന്നത്. രണ്ട് വകുപ്പുകളിലായി മരണം വരെ തടവും മറ്റൊരു വകുപ്പില്‍ 47 വര്‍ഷം തടവുമാണ് ശിക്ഷ. 2019 മുതല്‍ ഇയാള്‍ മകളെ പീഡിപ്പിച്ചു തുടങ്ങിയിരുന്നു.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നതോടെ സമീപത്തുള്ള 15കാരന്റെ പേര് മകളെക്കൊണ്ട് പിതാവ് പറയിപ്പിച്ചു. പൊലീസ് അന്വേഷണത്തിലാണ് പ്രതി പിതാവാണെന്ന് കണ്ടെത്തിയത്. റിമാന്‍ഡിലായിരുന്ന ഇയാള്‍ പിന്നീട് ജാമ്യത്തില്‍ വിദേശത്തേക്ക് പോയി. കഴിഞ്ഞ ജൂലായില്‍ കേസ് വിധി പറയേണ്ടതായിരുന്നു എങ്കിലും പ്രതി സ്ഥലത്തില്ലാതിരുന്നതിനാല്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം ഇയാള്‍ സ്ഥലത്തെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നാണ് ഇന്ന് വിധി പറഞ്ഞത്.