കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; റോഡിൽ കയർ കെട്ടിയത് യാതൊരു വിധത്തിലുളള സുരക്ഷാ മുൻകരുതലുകളും പാലിക്കാതെ; മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ്; ആറു പേർ കസ്റ്റഡിയിൽ

Update: 2024-11-25 03:52 GMT

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ്. സംഭവത്തിൽ കരാറുകാരൻ ഉൾപ്പെടെ പ്രതിയാകുമെന്നും പോലീസ് അറിയിച്ചു. അറസ്റ്റ് ഇന്നുണ്ടാകും. റോഡിൽ കയർ കെട്ടിയത് യാതൊരു വിധത്തിലുളള സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. മരം മുറിക്കുന്നത്തിൻ്റെ ഭാഗമായി കെട്ടിയിരുന്ന കയറിൽ കുരുങ്ങി സിയാദ് വാഹനത്തിൽ നിന്നും വീണ് മരിക്കുകയായിരുന്നു. തിരുവല്ല മുത്തൂരിൽ വെച്ചായിരുന്നു അപകടം. ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.

സംഭവത്തിൽ ആറു പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് വ്യക്തമാക്കി. കോൺട്രാക്ടർ, കയർ കെട്ടിയവർ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിൽ എടുത്തത്. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സിയാദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.

മുത്തൂർ ഗവൺമെന്റ് സ്കൂൾ വളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടയാണ് സംഭവം. കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ യുവാവിന് ​ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. എന്നാൽ അപകടത്തിൽ ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു.

സിയാദിന്റെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. തിരുവല്ല സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കും. അതേസമയം സിയാദിൻ്റെ ഭാര്യയേയും കുട്ടികളെയും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചിരുന്നു.

Tags:    

Similar News