മദ്യപാനത്തിനിടെ തർക്കം; കാർ തടഞ്ഞ് നിർത്തി യുവാവിനെ മർദ്ദിച്ചു; പിന്നാലെ പെട്രോള്‍ ടാങ്ക് തകര്‍ത്ത് കാറിന് തീയിട്ടു; പ്രതികൾക്കായി അന്വേഷണം ഊജ്ജിതമാക്കി പോലീസ്

Update: 2025-08-03 16:30 GMT

കൊല്ലം: കൊല്ലം പരവൂരിൽ യുവാവ് സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തി കത്തിച്ചത് മര്‍ദ്ദിച്ചതിന്റെ വൈരാഗ്യത്തെ തുടർന്ന്. പരവൂര്‍ സ്വദേശിയായ കണ്ണന്‍ സഞ്ചരിച്ചിരുന്ന കാറാണ് സുഹൃത്തുക്കൾ കത്തിച്ചത്. സംഭവത്തില്‍ കണ്ണന്റെ സുഹൃത്ത് ശംഭുവിനെതിരേയും മറ്റൊരു യുവാവിനെതിരേയും പോലീസ് കേസെടുത്തു. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

മദ്യപാനത്തിനിടെ കണ്ണനും മറ്റൊരു സുഹൃത്തായ ആദര്‍ശും ചേര്‍ന്ന് ശംഭുവിനെ മര്‍ദ്ദിച്ചതാണ് വിരോധത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. കണ്ണനും ആദര്‍ശും സുഹൃത്തായ ശംഭുവിന്റെ അടുത്തെത്തി. തുടര്‍ന്ന് മൂവരും ഒരുമിച്ച് മദ്യപിച്ചു. മദ്യപാനത്തിനിടെ ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. ശംഭുവിന് മര്‍ദ്ദനമേറ്റു. ഇതിനുശേഷം കണ്ണന്‍ കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

എന്നാല്‍, ശംഭു മറ്റൊരു സുഹൃത്തിനെയും കൂട്ടി കണ്ണനെ പിന്തുടര്‍ന്നു. തുടര്‍ന്ന് കാര്‍ തടഞ്ഞുനിര്‍ത്തി ചില്ല് അടിച്ചുതകര്‍ക്കുകയും കണ്ണനെ വലിച്ചിറക്കി മര്‍ദ്ദിക്കുകയുമായിരുന്നു. കാറിന്റെ പെട്രോള്‍ ടാങ്ക് തകര്‍ത്ത് നടുറോഡില്‍ കാറിന് തീയിടുകയായിരുന്നു. കാറിന് തീയിട്ട ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. വര്‍ക്ക്‌ഷോപ്പില്‍ അറ്റക്കുറ്റപ്പണിക്ക് കൊണ്ടുവന്ന കാറിലാണ് കണ്ണന്‍ സഞ്ചരിച്ചിരുന്നതെന്നാണ് വിവരം. ശംഭുവിനെതിരേയും മറ്റൊരാള്‍ക്കെതിരേയും കണ്ണൻ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ ഊജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി. 

Tags:    

Similar News