ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചു; മലപ്പുറം മുൻസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം കക്കൂസ് മാലിന്യം കണ്ടത് പ്രഭാത സവാരിക്കാർ; 2 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് പോലീസ്

Update: 2025-10-22 07:22 GMT

മലപ്പുറം: മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപത്തെ വയലിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ രണ്ട് വാഹനങ്ങൾ പെരിന്തൽമണ്ണ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരിക്കാർ ഈ ഭാഗത്ത് അസഹ്യമായ ദുർഗന്ധം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. തുടർന്ന് കക്കൂസ് മാലിന്യം തള്ളിയതായി കണ്ടെത്തുകയായിരുന്നു.

മുനിസിപ്പൽ ബസ് സ്റ്റാൻഡിന് ചുറ്റുമുള്ള വയലിലൂടെയാണ് ബസ് സ്റ്റാൻഡിലേക്കുള്ള റോഡ് കടന്നുപോകുന്നത്. സംഭവത്തിൽ പ്രദേശവാസിയാണ് പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. സംശയാസ്പദമായ രണ്ട് വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഈ ഭാഗത്ത് മുമ്പ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്ന പതിവുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് കേരള മുനിസിപ്പൽ ആക്ട് 340 പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണ്. കൂടാതെ, ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. വിഷയത്തിൽ വിശദമായ പരിശോധന നടക്കുകയാണെന്ന് പോലീസും നഗരസഭയും അറിയിച്ചു. ഇത്തരം പ്രവണതകൾ തടയാൻ നഗരസഭ മുൻകൈ എടുക്കണമെന്നും, പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Tags:    

Similar News