മുല്ലപ്പള്ളിയെ മണ്ഡലത്തിലേക്ക് ആനയിക്കുന്ന മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്ററുകള്‍; മുല്ലപ്പള്ളി സ്ഥാനാര്‍ത്ഥിയായാല്‍ നിലംതൊടാതെ തോല്‍പ്പിക്കുമെന്നും ഭീഷണി; പോസ്റ്ററുകളില്‍ ഞെട്ടി കോണ്‍ഗ്രസ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തില്‍ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ 'സേവ് കോണ്‍ഗ്രസ്' എന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 82 വയസ്സായ മുല്ലപ്പള്ളി ഏഴ് തവണ എം.പി, രണ്ട് തവണ കേന്ദ്രമന്ത്രി, കെ.പി.സി.സി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടും വീണ്ടും സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിക്കുന്നത് അധികാരക്കൊതിയാണെന്നാണ് പോസ്റ്ററുകളിലെ പ്രധാന വിമര്‍ശനം.
മുല്ലപ്പള്ളിയെ മണ്ഡലത്തിലേക്ക് ആനയിക്കുന്ന മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്ററുകള്‍, അദ്ദേഹം സ്ഥാനാര്‍ത്ഥിയായാല്‍ നിലംതൊടാതെ തോല്‍പ്പിക്കുമെന്നും ഭീഷണി മുഴക്കുന്നു. വടകര പാര്‍ലമെന്റ് മണ്ഡലത്തെ ദീര്‍ഘകാലം പ്രതിനിധീകരിച്ച മുല്ലപ്പള്ളിക്ക് നാദാപുരത്ത് വ്യക്തിപരമായ സ്വാധീനമുണ്ടെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ജില്ലയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിലയിരുത്തുമ്പോഴാണ് ഈ പ്രതിഷേധം. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന വാദവും മുതിര്‍ന്ന നേതാക്കള്‍ മാറണമെന്ന വികാരവുമാണ് ഈ പോസ്റ്റര്‍ പ്രചാരണത്തിന് പിന്നിലെന്നാണ് കരുതുന്നത്.