സത്യപ്രതിജ്ഞക്ക് ശേഷം പ്രിയങ്ക ഗാന്ധി 30 ന് വയനാട്ടിലെത്തും; സന്ദര്‍ശനം രണ്ട് ദിവസത്തേക്ക്; വന്‍ വിജയമാക്കാന്‍ ഒരുങ്ങി യുഡിഎഫ് പ്രവര്‍ത്തകര്‍

സത്യപ്രതിജ്ഞക്ക് ശേഷം പ്രിയങ്ക ഗാന്ധി 30 ന് വയനാട്ടിലെത്തും

Update: 2024-11-27 08:23 GMT

ന്യൂഡല്‍ഹി: നിയുക്ത വയനാട് എം.പി. പ്രിയങ്ക ഗാന്ധി ഈമാസം 30 ന് വയനാട്ടിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനം. പ്രിയങ്കയുടെ സന്ദര്‍ശനം വന്‍ വിജയമാക്കിമാറ്റാനുള്ള തയ്യാറെടുപ്പിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍. പ്രവര്‍ത്തകരെ കണ്ട് നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദര്‍ശനം. ഇതിനിടെ, പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി. സിദ്ധിഖ് എം.എല്‍.എ. രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങള്‍ പ്രിയങ്ക ഗാന്ധിയും തുടരും. പാര്‍ലമെന്റ് അകത്തും പുറത്തും വയനാടിനായി പോരാട്ടം തുടരുമെന്നും എം.എല്‍.എ പറഞ്ഞു.

അതേസമയം, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ഇരകള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് വിമര്‍ശനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത് സന്നദ്ധപ്രവര്‍ത്തകരാലും സംഘടനകളാലുമാണ്. വയനാടിന് പ്രത്യേക പാക്കേജാണ് ആവശ്യമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നു.

Tags:    

Similar News