ഓണാഘോഷം കൊഴുപ്പിക്കുന്നതിനു വേണ്ടി വന്‍തോതില്‍ മയക്കുമരുന്ന് കൊല്ലം റൂറല്‍ ജില്ലയിലേക്ക് കടത്താന്‍ ശ്രമം; പുനലൂരില്‍ വന്‍ രാസലഹരി വേട്ട

പുനലൂരില്‍ വന്‍ രാസലഹരി വേട്ട

Update: 2024-09-07 08:05 GMT

പുനലൂര്‍: പുനലൂരില്‍ വന്‍ രാസലഹരി വേട്ട. ഓണാഘോഷം കൊഴുപ്പിക്കുന്നതിനു വേണ്ടി വന്‍തോതില്‍ മയക്കുമരുന്ന് കൊല്ലം റൂറല്‍ ജില്ലയിലേക്ക് കടത്താന്‍ സാധ്യതയുണ്ട് എന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലാകമാനം ബോര്‍ഡര്‍ കേന്ദ്രീകരിച്ചും അല്ലാതെയും പരിശോധനകള്‍ ശക്തമാക്കിയിരുന്നു.

ബാംഗ്ലൂര്‍ നിന്നും കാര്‍ മാര്‍ഗം കൊണ്ടുവന്ന മാരക ലഹരി മരുന്നായ 146 ഗ്രാം എംഡിഎംഎയുമായി കുണ്ടറ സൂരജ് ഭവനില്‍ ജയപ്രകാശ് മകന്‍ 34 വയസ്സുള്ള സൂരജ്, പവിത്രേശ്വരം ചെറുപൊയ്ക നൈനിക ഭവനത്തില്‍ മോഹന്‍കുമാര്‍ മകന്‍ 28 വയസ്സുള്ള നിതീഷ് എന്നിവരെ പുനലൂര്‍ ടി ബി ജംഗ്ഷനില്‍ വച്ച് റൂറല്‍ എസ് പി യുടെ ഡാന്‍സാഫ് ടീമും പുനലൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.

പാലക്കാട് ജില്ലയില്‍ 146 ഗ്രാം എംഡിഎംഎ കടത്തിയ കേസില്‍ പ്രതിയായ സൂരജ് ഇടക്കാല ജാമ്യത്തില്‍ ഇറങ്ങി തുടര്‍ന്നും വന്‍ തോതില്‍ കച്ചവടം നടത്തുന്നതായി മനസ്സിലാക്കിയ ഡാന്‍സാഫ് ടീം ടിയാനെ നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. കൊല്ലം റൂറല്‍ ജില്ലയിലെ കേരളാ തമിഴ്‌നാട് ബോര്‍ഡര്‍ ആയ ആര്യന്‍കാവ് മുതല്‍ ഡാന്‍സാഫ് ടീം ഇവരെ പിന്തുടരുകയായിരുന്നു.

ഡാന്‍സാഫ് ടീം അറിയിച്ചതനുസരിച്ച് പുനലൂര്‍ പോലീസ് പുനലൂര്‍ ടി ബി ജംഗ്ഷനില്‍ വച്ച് കാര്‍ തടയുക ആയിരുന്നു. നിര്‍ത്താതെ മുന്നോട്ട് പോകാന്‍ ശ്രമിച്ച പ്രതികളെ പിന്നാലെ വന്ന ഡാന്‍സാഫ് ടീമും പുനലൂര്‍ പോലീസും ചേര്‍ന്ന് മല്‍പ്പിടിത്തത്തിലൂടെ കീഴടക്കുക ആയിരുന്നു.

Similar News