തീവ്രന്യൂനമര്‍ദമായി ഒഡിഷ തീരത്ത്; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ; കേരളത്തില്‍ അഞ്ച് ദിവസം മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ഒഡിഷ തീരത്ത് കരയില്‍ പ്രവേശിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തു. കോരാപുട്ട്, മാല്‍ക്കന്‍ഗിരി, നബരംഗ്പൂര്‍, കലഹണ്ടി, രായഗഡ, ഗജപതി, കാണ്ഡമാല്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ദോഷം രേഖപ്പെടുത്തിയിരിക്കുന്നത്. പലയിടങ്ങളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടും റിപ്പോര്‍ട്ട് ചെയ്തു. മരങ്ങള്‍ കടപുഴകി വീണതോടെ ഗതാഗതം തടസ്സപ്പെട്ടു. റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തലനുസരിച്ച്, അടുത്ത ആറു മണിക്കൂറിനുള്ളില്‍ തെക്കന്‍ ഒഡിഷയും തെക്കന്‍ ഛത്തീസ്ഗഡും വഴിയായി ശക്തികുറഞ്ഞ ന്യൂനമര്‍ദമായി മാറാനാണ് സാധ്യത. ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി.
അതേസമയം, അറബിക്കടലില്‍ തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വരെ ഇടത്തരം മഴ ലഭിക്കാമെന്നും, ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.