ചക്രവാതച്ചുഴി; വരും ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലേര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം

Update: 2025-01-13 09:39 GMT

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടെയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ജനുവരി 16 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കോമറിന്‍ മേഖലയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വധീനഫലമായിട്ടാണ് മഴ ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച മൂന്ന് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച മഞ്ഞ അലര്‍ട്ട് നല്‍കിയത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള തീരത്തും തമിഴ്‌നാട് തീരത്തും ഇന്ന് ഉച്ചയ്ക്ക് 02.30 മുതല്‍ ബുധനാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേര്‍ന്ന ഗള്‍ഫ് ഓഫ് മന്നാര്‍, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ജനുവരി 14 മുതല്‍ 16 വരെ തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം അതിനോട് ചേര്‍ന്ന ഗള്‍ഫ് ഓഫ് മന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതെന്നും മുന്നറിയിപ്പുണ്ട്.

Tags:    

Similar News