തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Update: 2024-10-25 09:17 GMT

തിരുവനന്തപുരം: മധ്യ- തെക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. 'ദാന' ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിലാണ് കേരളത്തിൽ ഇപ്പോൾ മഴ ശക്തമായി തുടരുന്നത്. അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് എട്ട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് നൽകിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നാളെ തിരുവനന്തപുരം മുതൽ തൃശൂര്‍ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്.

അതേസമയം, തിരുവനന്തപുരത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴയ്ക്ക് ഇതുവരെ ശമനം ഉണ്ടായിട്ടില്ല. കനത്ത മഴയെ തുടർന്ന് പൊൻമുടി കല്ലാര്‍ മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടു. അരുവിക്കര അടക്കം ജലസംഭരണികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. കൊല്ലത്ത് ഇടവിട്ട് ശക്തമായ മഴ ഇപ്പോൾ തുടരുകയാണ്.

Tags:    

Similar News