ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം വെള്ളിയാഴ്ചയോടെ തീവ്രതയിലേക്ക് മാറാന്‍ സാധ്യത; കേരളത്തിന് മഴ ഭീഷണിയില്ല; ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത; മണ്‍സൂണ്‍ പിന്മാറ്റം പതിവിനെക്കാള്‍ വൈകുമെന്നും കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട പുതിയ ന്യൂനമര്‍ദ്ദം വെള്ളിയാഴ്ചയോടെ തീവ്രതയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സിസ്റ്റം ആന്ധ്ര-ഒഡിഷ തീരത്തേക്ക് നീങ്ങുമെന്നാണ് പ്രവചനം. കേരളത്തിന് നിലവില്‍ അപകടഭീഷണി ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഈ വര്‍ഷം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്മാറ്റം പതിവിനെക്കാള്‍ വൈകുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ ആദ്യ ആഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെന്നാണ് പ്രവചനം.
കിഴക്കന്‍, വടക്കുകിഴക്കന്‍, മധ്യ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഒക്ടോബര്‍ 9 ഓടെ മാത്രമേ മണ്‍സൂണ്‍ പൂര്‍ണമായി പിന്മാറാനുള്ള സാഹചര്യം ഉണ്ടാകൂവെന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപത്ര വ്യക്തമാക്കി. നിലവില്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ നിന്നും, ഗുജറാത്തിന്റെ ചില ഭാഗങ്ങളില്‍ നിന്നും, രാജസ്ഥാന്‍ മുഴുവനായും മണ്‍സൂണ്‍ പിന്മാറി കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ മധ്യ ഇന്ത്യ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായിരിക്കും മണ്‍സൂണ്‍ പിന്മാറ്റം സംഭവിക്കുക.