ലൗ ജിഹാദ് ഒരു കെട്ടുകഥയല്ല; മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കില്‍ സിനിമ കാണണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍

Update: 2026-02-19 08:19 GMT

ന്യൂഡല്‍ഹി: 'ദി കേരള സ്റ്റോറി' രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സിനിമ ഇഷ്ടമുള്ളവര്‍ക്ക് കാണാമെന്നും ഇഷ്ടമില്ലാത്തവര്‍ കാണാതിരുന്നാല്‍ മതിയെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും സിനിമയെ എതിര്‍ക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നത് കെട്ടുകഥയല്ലെന്നും പലരും ഇക്കാര്യം തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെട്ടു. 'ഹമാസ് നേതാക്കള്‍ ഇവിടെ വരുമ്പോള്‍ മുഖ്യമന്ത്രിക്ക് പ്രശ്‌നമില്ല. എന്നാല്‍ മൂക്കിന് മുന്നില്‍ നടക്കുന്ന ലൗ ജിഹാദുകളെ കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം തയ്യാറല്ല. വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ ഗാസയെയും സിനിമയെയും കുറിച്ചാണോ മുഖ്യമന്ത്രി സംസാരിക്കേണ്ടത്' എന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടിന് വേണ്ടി മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News