ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എ.ഐ.സി.സി തീരുമാനം അന്തിമം; തീരുമാനം പ്രഖ്യാപിച്ചാല്‍ പിന്നെ മറ്റ് അഭിപ്രായങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് ചെന്നിത്തല
ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എ.ഐ.സി.സി തീരുമാനം അന്തിമം
തിരുവനന്തപുരം: കേരളത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എ.ഐ.സി.സി പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എ.ഐ.സി.സിയുടെ തീരുമാനം അന്തിമമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അവര്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ പിന്നെ മറ്റ് അഭിപ്രായങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ചെന്നിത്തല പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വന്‍ വിജയം നേടും. കേരളത്തിലെ സര്‍ക്കാറിനെതിരെയുള്ള ജനവികാരം അതിശക്തമാണ്. അതുകൊണ്ടു തന്നെ വന്‍ ഭൂരിപക്ഷമാകും ഇത്തവണ കോണ്‍ഗ്രസിന് ലഭിക്കുക. പാലക്കാട്ട് ബി.ജെ.പിയുടെ വോട്ടു വിഹിതത്തില്‍ കാര്യമായ കുറവുണ്ടാകും.
സരിന്‍ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പക്ഷേ പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പിന്നെ അതിനെ അംഗീകരിച്ച് പ്രവര്‍ത്തിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ പൊതു സമീപനം. എല്ലാ യു.ഡി.എഫ് പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഒന്നിച്ചു രംഗത്തു വരണം. കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ നിലനില്‍ക്കുന്ന അതിശക്തമായ ജനരോഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.