ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേട്; ലക്ഷം പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് അസാധു

പേരിലെ പൊരുത്തക്കേട്; ലക്ഷം പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് അസാധു

Update: 2024-10-07 02:06 GMT


ആലപ്പുഴ: ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേടുമൂലം സംസ്ഥാനത്ത് ലക്ഷത്തിലേറെപ്പേരുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി.) അസാധുവാക്കി. റേഷന്‍കടയിലെ ഇ -പോസ് യന്ത്രത്തില്‍ മസ്റ്ററിങ് വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയ്ക്കുശേഷമാണ് അസാധുവായത്.

റേഷന്‍കടകളിലെ ഇ -പോസ് യന്ത്രത്തില്‍ വിരലടയാളം നല്‍കിയവര്‍ മസ്റ്ററിങ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നുകരുതിയാണു മടങ്ങുന്നത്. എന്നാല്‍, താലൂക്കുതല പരിശോധനയില്‍ മസ്റ്ററിങ് അസാധുവാക്കപ്പെട്ട കാര്യം അവരറിഞ്ഞിട്ടില്ല. ഭക്ഷ്യധാന്യമുള്‍പ്പെടെ ഇതുമൂലം തടഞ്ഞുവെക്കാനിടയുണ്ട്. മസ്റ്ററിങ് നടത്തിയവരില്‍ ചിലരുടെ റേഷന്‍കാര്‍ഡിലെയും ആധാറിലെയും പേരുകളില്‍ പൊരുത്തക്കേടുണ്ട്. അതു മുപ്പതുശതമാനത്തില്‍ കൂടിയാല്‍ മസ്റ്ററിങ്ങിനു സാധുത നല്‍കില്ല.

മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി സംസ്ഥാനത്ത് 1.56 കോടി പേരുടെ മസ്റ്ററിങ്ങാണ് ഇതുവരെ പൂര്‍ത്തിയായത്. അതില്‍ 20 ലക്ഷത്തോളം പേരുടെ മസ്റ്ററിങ്ങിന്റെ സാധുത പരിശോധിക്കാനുണ്ട്. അതുകൂടി കഴിയുമ്പോള്‍ അസാധുവായവരുടെ എണ്ണം ഇനിയുമുയരും. സംസ്ഥാനത്ത് ചൊവ്വാഴ്ചവരെയാണ് മസ്റ്ററിങ്ങിന് അനുവദിച്ചിട്ടുള്ള സമയം. അസാധുവാക്കപ്പെട്ടവരുടെ കാര്യത്തില്‍ അതിനുശേഷം തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷ.

വിരലടയാളം പൊരുത്തപ്പെടാത്തതിനാല്‍ മസ്റ്ററിങ് നടത്താന്‍ കഴിയാത്തവരുമുണ്ട്. ഐറിസ് സ്‌കാനറിന്റെ സഹായത്തോടെ ഇവരുടെ കണ്ണടയാളം സ്വീകരിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കേണ്ടിവരും. എന്നാല്‍, റേഷന്‍കടകളില്‍ ഐറിസ് സ്‌കാനറില്ല. അതിനാല്‍, മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കാനാണു സാധ്യത.

Tags:    

Similar News