'അചഞ്ചലമായ സൗഹൃദം'; റഷ്യന്‍ അന്തര്‍വാഹിനി 'ഉഫ' കൊച്ചി തീരത്ത് നങ്കൂരമിട്ടു; വന്‍ സ്വീകരണം നല്‍കി നാവികസേന

Update: 2024-10-22 08:59 GMT

കൊച്ചി: കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന. റഷ്യയുമായി സമുദ്ര സഹകരണം ശക്തമാക്കുന്നതിന്റെ നീക്കമാണിത്. 16-ാമത് ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യയിലെ കസാനിലേക്കുള്ള ദ്വിദിന സന്ദർശനത്തിനു തൊട്ട് പിന്നാലെയാണ് നാവിക സംഘം എത്തിയത്.

ഇന്ത്യയും റഷ്യയും തമ്മിലുള്ള 'അചഞ്ചലമായ സൗഹൃദം', പ്രത്യേകിച്ച് നാവിക സഹകരണ മേഖലയില്‍ എടുത്തുകാണിക്കുന്നതായി എക്‌സ് ഹാന്‍ഡിലായ കൊച്ചി ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. റഷ്യൻ നാവികസേനയുടെ സംഘം കൊച്ചി തുറമുഖത്ത് എത്തിയതായി റഷ്യൻ എംബസി നേരത്തെ അറിയിച്ചിരുന്നു.

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു. ഇന്ത്യന്‍ നാവികസേനയുടെ ഊഷ്മളമായ സ്വീകരണം ലഭിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള അചഞ്ചലമായ സൗഹൃദത്തിന്റെ പ്രതീകമാണ്, സമുദ്രസഹകരണം ശക്തമായി തുടരുന്നു,' നാവികസേന എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഇതാദ്യമായല്ല റഷ്യൻ കപ്പലുകൾ കൊച്ചിയിലെത്തുന്നത്. ഓഗസ്റ്റിൽ, റഷ്യൻ പസഫിക് കപ്പലിൽ നിന്നുള്ള മിസൈൽ ക്രൂയിസർ ഉൾപ്പെടെയുള്ള റഷ്യൻ യുദ്ധക്കപ്പലുകൾ എത്തിയിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ സൗഹൃദ നാവിക അഭ്യാസങ്ങൾ നടത്തിയിരുന്നു.

Tags:    

Similar News