ശബരിമലയില്‍ വൈദ്യുതി മുടങ്ങിയത് 40 മിനിറ്റ് മാത്രം; കാരണം ഇടിമിന്നല്‍; കേബിള്‍ സംവിധാനവും തകരാറിലായതിനാല്‍ പകരം സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായില്ല; വിശദീകരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമലയില്‍ വൈദ്യുതി മുടങ്ങിയത് 40 മിനിറ്റ് മാത്രം

Update: 2024-10-22 12:19 GMT

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള പാതയില്‍ വൈദ്യുതി മുടങ്ങിയതില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. 40 മിനിറ്റ് നേരത്തേക്ക് മാത്രമാണ് വൈദ്യുതി മുടങ്ങിയതെന്ന് പി.എസ്. പ്രശാന്ത് പറഞ്ഞു. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് വേണ്ട ക്രമീകരണങ്ങളൊരുക്കാനുള്ള പരിശ്രമത്തിലാണെന്നും ചെറിയ പിഴവുകള്‍ സ്വഭാവികമാണെന്നുമാണ് പ്രസിഡന്റിന്റെ വിശദീകരണം. എന്നാല്‍ മണിക്കൂറുകളോളം വൈദ്യുതി ഇല്ലായിരുന്നു എന്നാണ് ആ സമയം സന്നിധാനത്തുണ്ടായിരുന്നവര്‍ വ്യക്തമാക്കുന്നത്.

'ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ തവണ ഞങ്ങള്‍ സന്നിധാനത്ത് ചെന്ന് പ്രശ്നങ്ങള്‍ നോക്കികണ്ടതിനു ശേഷം കുറേ കാര്യങ്ങള്‍ ചെയ്ത് മുന്നോട്ടുപോവുകയാണ്. നവംബര്‍ 10-ഓടെ കൂടി എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തീകരിക്കാനാവും. കഴിഞ്ഞ തവണ പമ്പയില്‍ മൂന്ന് നടപന്തലേ ഉണ്ടായിരുന്നുള്ളൂ. 1500 പേര്‍ക്ക് മാത്രം വരിനില്‍ക്കാന്‍ പറ്റുന്ന പന്തലില്‍ ആളുകൂടിയപ്പോള്‍ പ്രശ്നമായി. എന്നാല്‍ അതിനു പരിഹാരമായി നാല് നടപന്തലിന്റെ കൂടി നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്.

അത് കഴിഞ്ഞാല്‍ ഏഴ് നടപന്തലാകും. ഏതാണ്ട് 3500 പേര്‍ക്ക് വരെ വരിനില്‍ക്കാന്‍ സാധിക്കും. പ്രളയത്തില്‍ ഒലിച്ചുപോയ രാമമൂര്‍ത്തി മണ്ഡപത്തിനു പകരം മറ്റൊരു പന്തല്‍ നിര്‍മിക്കുകയാണ്. അങ്ങനെ ഓരോ കാര്യങ്ങളും ചെയ്യാന്‍ പരമാവധി ശ്രമിക്കുകയാണ്. ചെറിയ പിഴവുകളുണ്ടാകാം. അത് സ്വഭാവികമാണ്. ഇടിമിന്നലുണ്ടായത് കൊണ്ടാണ് വൈദ്യുതി നിലച്ചത്. എന്നാല്‍ അത് 40 മിനിറ്റ് കൊണ്ട് പരിഹരിക്കുകയും ചെയ്തു',പി.എസ്. പ്രശാന്ത് പറഞ്ഞു.

എന്നാല്‍ നീലിമലമുതല്‍ അപ്പാച്ചിമേടുവരെയുള്ള പാതയില്‍ ശനിയാഴ്ച വൈകുന്നേരം ഏഴുമണി മുതല്‍ പുലര്‍ച്ചെ 12.30 വരെ വൈദ്യുതിയില്ലായിരുന്നു എന്നാണ് ഭക്തന്മാരുടെയുള്‍പ്പടെ പ്രതികരണം. പമ്പയിലെ ട്രാന്‍സ്ഫോര്‍മറിലുണ്ടായ തകരാറാണ് പവര്‍കട്ടിലേക്ക് നയിച്ചത്. ദേവസ്വം ബോര്‍ഡിന്റെ കേബിള്‍ സംവിധാനവും തകരാറിലായതിനാല്‍ പകരം സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായില്ല. അതാണ് രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചത്. മൊബൈല്‍ ഫോണിന്റെ വെട്ടത്തിലാണ് ഭക്തര്‍ മല കയറുകയും ഇറങ്ങുകയും ചെയ്തതെന്നും മഴയും തിരക്കുമെല്ലാം ബുദ്ധിമുട്ട് സൃഷ്ടിച്ചെന്നും ഭക്തന്മാര്‍ പറയുന്നു.

Tags:    

Similar News