സുന്നി ഐക്യം യാഥാര്‍ഥ്യമാക്കാന്‍ എന്നും മുന്‍പന്തിയിലുണ്ടാകും; എല്ലാ നന്‍മകളും നേരുന്നു; മുസ്ലീം ലീഗിനെ മാറ്റി നിര്‍ത്താന്‍ പറ്റില്ല: സാദിഖലി തങ്ങള്‍
സുന്നി ഐക്യം യാഥാര്‍ഥ്യമാക്കാന്‍ എന്നും മുന്‍പന്തിയിലുണ്ടാകും: സാദിഖലി തങ്ങള്‍
കോഴിക്കോട്: സുന്നി ഐക്യം യാഥാര്‍ഥ്യമാകുന്നതില്‍ എന്നും മുന്‍പന്തിയിലുണ്ടാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഐക്യ ചര്‍ച്ചകളില്‍നിന്നും പാണക്കാട് കുടുംബത്തെയും സാദിഖലി തങ്ങളെയും മാറ്റി നിര്‍ത്തുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍, ഞങ്ങള്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലേ എന്ന് സാദിഖലി തങ്ങള്‍ ചോദിച്ചു. എല്ലാ നന്മകളോടൊപ്പവും നില്‍ക്കുന്നവരാണ് ഞങ്ങള്‍. മാറി നില്‍ക്കില്ലെന്നും മാറ്റി നിര്‍ത്താന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
സുന്നി ഐക്യത്തിന് എതിരല്ലെന്ന് കോട്ടക്കലില്‍ നടന്ന എ.പി വിഭാഗം സമസ്തയുടെ നൂറാം വാര്‍ഷിക വിളംബര സമ്മേളനത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വ്യക്തമാക്കിയിരുന്നു. സമസ്തയില്‍നിന്ന് പോയവര്‍ തിരിച്ചുവരണമെന്ന് കാസര്‍കോട് കുണിയയില്‍ നടന്ന സമസ്ത ഇ.കെ വിഭാഗം നൂറാം വാര്‍ഷിക സമ്മേളനത്തില്‍ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് സുന്നിഐക്യം വീണ്ടും ചര്‍ച്ചയായത്. വിഷയത്തില്‍ കാന്തപുരം വിഭാഗത്തിന്റെ നിലപാട് എന്താകുമെന്ന് ഉറ്റുനോക്കിയ സന്ദര്‍ഭത്തിലാണ് കാന്തപുരം വിഭാഗവും തങ്ങളുടെ നയം വ്യക്തമാക്കിയത്.
മാത്രമല്ല, ജിഫ്രി തങ്ങള്‍ നടത്തിയ ഘര്‍വാപസി പ്രയോഗത്തിന് കാന്തപുരം ഇന്നലെ മറുപടി നല്‍കുകയും ചെയ്തിരുന്നു. തങ്ങള്‍ സമസ്തയില്‍ നിന്ന് പുറത്തുപോയതല്ലെന്നും സമസ്ത അന്ന് എടുത്ത ചില തീരുമാനങ്ങളില്‍ വിയോജിച്ചാണ് ഇറങ്ങിപ്പോയതെന്നും, അന്ന് യോഗത്തില്‍ നടന്നതൊന്നും ഇപ്പോള്‍ പുതിയ മെംബര്‍ഷിപ്പ് എടുത്ത് വന്നവര്‍ക്ക് അറിയില്ലെന്നും കാന്തപുരം പറഞ്ഞിരുന്നു.