ചന്ദനം വിൽക്കുന്നതായി രഹസ്യ വിവരം; നിരീക്ഷണത്തിനു പിന്നാലെ പൊലീസിന്റെ പരിശോധന; വീടിനുള്ളിൽ നിന്നും കണ്ടെടുത്തത് 235 കിലോഗ്രാം ചന്ദനം; വീട്ടുടമ ഒളിവിൽ

Update: 2024-12-15 16:08 GMT

മലപ്പുറം: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീടിനുള്ളിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ചന്ദനമരത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. 12 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 235 കിലോഗ്രാം ചന്ദനമാണ് പൊലീസ് കണ്ടെടുത്തത്. മഞ്ചേരിക്ക് സമീപത്തെ വീടിനുള്ളിലും പരിസരങ്ങളിലുമായാണ് ചന്ദനമരത്തിന്റെ ഭാഗങ്ങൾ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ വീട്ടുടമ പുല്ലാര വളമംഗലം സ്വദേശി അലവിക്കെതിരെ കേസെടുത്തു. എന്നാൽ ഇയാളെ പിടികൂടാനായില്ല.

ഡിഎഫ്ഒമാരായ വിപി ജയപ്രകാശ് (ഫ്ലയിങ് സ്ക്വാഡ്), പി കാർത്തിക് എന്നിവർക്കാണ് വീട് കേന്ദ്രീകരിച്ചു ചന്ദനം വിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് ഇന്നലെ രാവിലെയാണ് വീട്ടിനുള്ളിൽ പൊലീസ് സംഘം പരിശോധന ആരംഭിച്ചത്. 3 ദിവസം നടത്തിയ നിരീക്ഷണത്തിനു ശേഷമായിരുന്നു പരിശോധന. അടുക്കളയിൽ അടുപ്പിനു സമീപം ഉൾപ്പെടെ വീട്ടിലും പരിസരത്തും പലഭാഗങ്ങളിൽ സൂക്ഷിച്ച 12 ചാക്ക് ചന്ദനമുട്ടികൾ, ചീളുകൾ, വേരുകൾ എന്നിവ പരിശോധനയിൽ കണ്ടെടുത്തു. എന്നാൽ വീട്ടുടമയായ അലവിയെ പൊലീസിന് കണ്ടെത്താനായില്ല.

എസ്എഫ്ഒ പികെ വിനോദ്, എൻപി പ്രദീപ് കുമാർ, പി അനിൽകുമാർ, എൻ സത്യരാജ്, ടി ബെൻസീറ, ടിപി രതീഷ്, റിസർവ് ഫോഴ്സ് ഡെപ്യൂട്ടി റേഞ്ചർ വി രാജേഷ്, ഷറഫുദ്ദീൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കേസ് തുടരന്വേഷണത്തിന് കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷന് കൈമാറി. 

Tags:    

Similar News