'ചാകര വന്നേ..ഹൂയ്'; രാവിലെ കടൽ തീരത്ത് അത്ഭുത കാഴ്ച; അലയടിച്ചെത്തിയ തിരമാലകളിൽ പെടക്കണ 'മത്തി'യും; വാരിക്കൂട്ടാൻ ഓടിയെത്തി ജനം
കാസർകോട്: ജില്ലയിലെ നീലേശ്വരം മരക്കാപ്പ് കടപ്പുറത്ത് ഇന്ന് രാവിലെ വൻ 'മത്തി ചാകര' അനുഭവപ്പെട്ടു. രാവിലെ 6.30 മുതൽ 8 മണി വരെ നീണ്ടുനിന്ന പ്രതിഭാസത്തിൽ, തീരത്തെത്തിയ വൻതോതിലുള്ള മത്തി പിടിച്ചെടുക്കാൻ ബക്കറ്റുകളുമായും കവറുകളുമായും നിരവധി ആളുകൾ തടിച്ചുകൂടി.
കേരള തീരത്തെ മത്തി ലഭ്യതയിലെ ഈ മുന്നേറ്റങ്ങൾ, കാലവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് സമുദ്രത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ ഫലമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്ആർഐ) പുതിയ പഠനം വ്യക്തമാക്കുന്നു. മൺസൂൺ മഴയിലെ മാറ്റങ്ങളും സമുദ്രത്തിലെ അനുകൂല ഘടകങ്ങളുമാണ് കഴിഞ്ഞ വർഷം കേരള തീരത്ത് അപ്രതീക്ഷിതമായി മത്തിക്കുഞ്ഞുങ്ങളുടെ വർദ്ധനവിന് കാരണമായതെന്നും പഠനം സൂചിപ്പിക്കുന്നു.
2012ൽ നാല് ലക്ഷം ടൺ എന്ന റെക്കോർഡ് നിരക്കിൽ ലഭിച്ച മത്തിയുടെ അളവ് 2021ൽ വെറും 3500 ടണ്ണായി കുറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ശരാശരി പത്ത് സെന്‍റിമീറ്റർ മാത്രം വലിപ്പമുള്ള കുഞ്ഞൻ മത്തിയുടെ വൻ ശേഖരം കോഴിക്കോട്, തൃശൂർ ജില്ലകളിലെ തീരങ്ങളിലടക്കം കരയ്ക്കടിഞ്ഞു.
കൊച്ചി, വിഴിഞ്ഞം, കോഴിക്കോട് എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിൽ, അനുകൂലമായ മൺസൂൺ മഴയും കടലിന്‍റെ അടിത്തട്ടിൽ നിന്നുള്ള പോഷക സമൃദ്ധമായ ജലത്തിന്‍റെ വരവും (അപ് വെല്ലിംഗ്) മത്തി ലാർവകളുടെ പ്രധാന ഭക്ഷണമായ സൂക്ഷ്മപ്ലവകങ്ങളുടെ വളർച്ചയെ സഹായിച്ചുവെന്ന് സിഎംഎഫ്ആർഐ കണ്ടെത്തി. ഇത് ലാർവകളുടെ അതിജീവനശേഷി വർദ്ധിപ്പിക്കുകയും മത്തിക്കുഞ്ഞുങ്ങളുടെ എണ്ണം അഭൂതപൂർവമായി കൂടാൻ ഇടയാക്കുകയും ചെയ്തു.