റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കാണാതായി; അന്വേഷണത്തിൽ കണ്ടെത്തിയ സ്‌കൂട്ടർ ചങ്ങലകൊണ്ട് കെട്ടി; പോലീസിനെ വിവരമറിയിക്കാൻ പോയ സമയം സ്‌കൂട്ടർ വീണ്ടും മോഷണം പോയി; പിടിയിലായത് സ്‌കൂൾ വിദ്യാർത്ഥികൾ

Update: 2025-11-01 06:29 GMT

കൊച്ചി: ആലുവയിൽ രണ്ടുദിവസംകൊണ്ട് രണ്ടുതവണ കാണാതെപോയ സ്കൂട്ടർ മോഷ്ടിച്ചത് 15 വയസ്സുള്ള നാല് വിദ്യാർഥികൾ. എടത്തല എൻഎഡി മുകൾ സ്വദേശി മുരളീധരൻ നായരുടെ സ്കൂട്ടറാണ് രണ്ട് തവണ കവർച്ച ചെയ്യപ്പെട്ടത്. സ്കൂട്ടർ കണ്ടപ്പോൾ ഹരം തോന്നി എടുത്തുകൊണ്ടുപോയതാണെന്ന് കുട്ടികൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്. പരാതിയില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്കൂട്ടർ വിട്ടുകൊടുത്തു.

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് നാലരയോടെ പൈനാട്ടിലെ ക്ഷേത്രത്തിനു സമീപത്തുനിന്നാണ് സ്കൂട്ടർ ആദ്യമായി മോഷ്ടിക്കപ്പെട്ടത്. കൃഷിപ്പണി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന മുരളീധരൻ നായർ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കാണാതായതിനെ തുടർന്ന് എടത്തല പോലീസിൽ പരാതി നൽകി. പിറ്റേന്ന് സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ വടാശ്ശേരി ശാന്തിഗിരിയിൽ റോഡരികിൽ സ്കൂട്ടർ കണ്ടെത്തി.

സ്കൂട്ടർ ചങ്ങലകൊണ്ട് ബന്ധിച്ച ശേഷം പോലീസിനെ വിവരമറിയിക്കാൻ പോയ സമയം, വിദ്യാർഥികൾ ചങ്ങല പൊട്ടിച്ച് സ്കൂട്ടർ വീണ്ടും മോഷ്ടിച്ചു. ഇതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. സൗത്ത് കളമശ്ശേരി കൺട്രോൾ റൂം പോലീസാണ് ഒടുവിൽ സ്കൂട്ടർ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് മുരളീധരൻ നായർ കളമശ്ശേരി പോലീസ് സ്റ്റേഷനിലെത്തി സ്കൂട്ടർ തിരിച്ചറിഞ്ഞു. സ്കൂട്ടറിന്റെ കണ്ണാടികൾ മാറ്റിയും നമ്പർപ്ലേറ്റുകൾ തിരുത്തിയും രൂപമാറ്റം വരുത്താൻ ശ്രമം നടന്നിരുന്നു.

Tags:    

Similar News