പോലീസിന്റെ വാഹന പരിശോധന കണ്ട് സ്‌കൂട്ടറില്‍ വന്നയാള്‍ പരുങ്ങി; തടഞ്ഞു നിര്‍ത്തി രേഖകള്‍ ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടി; സ്‌കൂട്ടര്‍ മോഷ്ടാവിനെ അറസ്റ്റ് ചെയ്ത് റാന്നി പോലീസ്

സ്‌കൂട്ടര്‍ മോഷ്ടാവിനെ അറസ്റ്റ് ചെയ്ത് റാന്നി പോലീസ്

Update: 2025-08-22 14:32 GMT

റാന്നി: എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് മുന്നില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറുമായി കറങ്ങി നടന്നയാളെ പെരുമ്പുഴയില്‍ വാഹനപരിശോധനയ്ക്കിടെ പോലീസ് പിടികൂടി. വടശ്ശേരിക്കര ചെറുകുളഞ്ഞി പൂവത്തുംതറയില്‍ റിന്‍സന്‍ മാത്യു (36) വിനെയാണ് എസ്.ഐ റെജി തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത് എ.എസ്.ഐമാരായ അജു കെ. അലി, സൂരജ്, എസ്.സി.പി.ഓ അജാസ് സി.പി.ഓമാരായ പ്രസാദ്, നിധിന്‍ എന്നിവരുമൊത്ത് വാഹനങ്ങള്‍ പരിശോധിക്കവേയാണ് ഇയാള്‍ പോലീസ് വലയില്‍ കുടുങ്ങിയത്.

പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി ഭാഗത്തു നിന്നും വന്ന റിന്‍സന്‍ മാത്യു പോലീസിനെ കണ്ടു പരിഭ്രമിച്ചു. സംശയം തോന്നിയ പോലീസ് ഇയാളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു. വാഹനത്തിന്റെ രേഖകള്‍ ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായി മറുപടി നല്‍കി. ഫോര്‍ട്ട് കൊച്ചിയില്‍ ഒരാളില്‍ നിന്നും 10,000 രൂപക്ക് വാങ്ങിയതാണെന്ന് പറഞ്ഞു. തുടര്‍ന്ന്, രജിസ്ട്രേഷന്‍ നമ്പര്‍ പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്.

ഇടുക്കി വാഗമണ്‍ കൊച്ചു കരിന്തിരി മലയില്‍ പുതുവല്‍ മാമൂട്ടില്‍ വീട്ടില്‍ ഡാര്‍ലിമോളുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂട്ടറെന്ന് തിരിച്ചറിഞ്ഞു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ മോഷ്ടാവ് കാര്യങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തി. സ്‌കൂട്ടര്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് റാന്നി സ്റ്റേഷനില്‍ പരാതി നേരത്തെ ലഭിച്ചിരുന്നു. ഇത് തന്നെയാണ് മോഷ്ടിക്കപ്പെട്ട വാഹനമെന്ന് പോലീസിന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന്, പരാതി നല്‍കിയ ഡാര്‍ലിമോളുടെ സഹോദരന്‍ ബിജിന്‍ എഫ്. അലോഷ്യസിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി സ്‌കൂട്ടര്‍ തിരിച്ചറിഞ്ഞു.

ഫെബ്രുവരി 14 ന് സ്‌കൂട്ടര്‍ മോഷ്ടിച്ച റിന്‍സന്‍ പിന്നീട് ഉപയോഗിച്ച് വരികയായിരുന്നെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധനക്കായി പിടിച്ചെടുത്തു. മറ്റു നടപടികള്‍ക്കൊടുവില്‍ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്ത് അന്വേഷണം നടത്തും. ഇയാള്‍ക്കെതിരെ റാന്നി സ്റ്റേഷനില്‍ 2019, 21 വര്‍ഷങ്ങളില്‍ ഓരോ പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോട്ടയം റെയില്‍വേ പോലീസും മലപ്പുറം എടക്കര പോലീസും വേറെ ഓരോ കേസുകള്‍ എടുത്തിട്ടുണ്ട്. ഇവ വിവിധ കോടതികളില്‍ വിചാരണയിലാണുള്ളത്.

Tags:    

Similar News