വീട്ടിലെ പ്രസവത്തില്‍ യുവതിയുടെ മരണം: ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജി; ജാമ്യത്തിലുള്ള പ്രതി യൂട്യൂബ് ചാനലിലൂടെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപണം
കൊച്ചി: മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രതി ആലപ്പുഴ സ്വദേശി സിറാജുദ്ദീന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ സി എ ആന്‍സിലയാണ് ഹര്‍ജി നല്‍കിയത്.
ജാമ്യത്തിലുള്ള പ്രതി യൂട്യൂബ് ചാനലിലൂടെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. 2025 ഏപ്രില്‍ അഞ്ചി-നാണ് പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശി കൊപ്പറമ്പില്‍ അസ്മ (35) അഞ്ചാമത്തെ പ്രസവത്തില്‍ മരിച്ചത്. ആത്മീയ ചികിത്സകനും മതപ്രഭാഷകനുമായ സിറാജുദീന്‍ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായിരുന്നില്ല. യുവതി മരിച്ചതോടെ മൃതദേഹം മലപ്പുറത്തുനിന്ന് പെരുമ്പാവൂരിലേക്ക് കൊണ്ടുവരികയായിരുന്നു.
നവജാതശിശുവിനേയും അവശനിലയിലാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. യുവതിയുടെ വീട്ടുകാരുടെ മൊഴിയില്‍ സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, മഞ്ചേരി സെഷന്‍സ് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. രക്തംവാര്‍ന്നാണ് ആസ്മ മരിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്.